എല്ലാ ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ തലയിൽ വെച്ചു കെട്ടില്ല : PSG സൂപ്പർ താരത്തെ കുറിച്ച് ഗാൾട്ടിയർ!

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ പുറത്തെടുത്തിരുന്നത്.കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ എംബപ്പേക്ക് സാധിച്ചിരുന്നു. തുടർന്ന് താരത്തിന്റെ കരാർ പിഎസ്ജി പുതുക്കുകയും ചെയ്തിരുന്നു.

അതേസമയം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് എംബപ്പേയുടെ കാര്യത്തിൽ കൃത്യമായ പദ്ധതികളുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും എംബപ്പേയുടെ ചുമലിൽ വെച്ച് നൽകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുള്ളതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.എംബപ്പേക്ക് ചുറ്റും താരങ്ങൾ ഉണ്ടെന്നും അദ്ദേഹത്തിൽ താൻ സമ്മർദ്ദം ചെലുത്തില്ലെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു പിഎസ്ജിയുടെ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാ ഉത്തരവാദിത്തങ്ങളും എംബപ്പേയുടെ ചുമലിൽ വെച്ച് നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന് 23 വയസ്സ് മാത്രമേയുള്ളൂ. എന്താണ് അദ്ദേഹത്തിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത് എന്നുള്ളത് എംബപ്പേക്കറിയാം. പക്ഷേ അദ്ദേഹത്തിന് ചുറ്റും മറ്റു താരങ്ങളുണ്ട്. അദ്ദേഹത്തിന് സമ്മർദ്ദം ചെലുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്താണ് തനിക്ക് വേണ്ടതെന്ന് എംബപ്പേക്കറിയാം. തന്റെ കരിയറിൽ എന്തൊക്കെയാണ് താൻ ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായി അദ്ദേഹത്തിന് അറിയാം. അപ്പോൾ സ്വാഭാവികമായും അവിടെ സമ്മർദ്ദം ഉണ്ടാവും. ആ സമ്മർദ്ദത്തിൽ മാറ്റം വരുത്താനും ഞാൻ ഉദ്ദേശിക്കുന്നില്ല. മറ്റൊരു സ്ട്രൈക്കർക്കൊപ്പം അദ്ദേഹത്തെ കളിപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അദ്ദേഹത്തെ നല്ല രൂപത്തിൽ ഉപയോഗിക്കാൻ സാധിക്കും ” ഇതാണ് ക്രിസ്റ്റോഫ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

2025 വരെയുള്ള ഒരു കരാറിലാണ് എംബപ്പേ ഒപ്പ് വെച്ചിട്ടുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കലാണ് തന്റെ ലക്ഷ്യമെന്ന് എംബപ്പേയും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *