എന്തുകൊണ്ട് നെയ്മറെ പുറത്തിരുത്തി? ഗാൾട്ടിയർ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി നാന്റസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നുനോ മെന്റസിന്റെ വകയായിരുന്നു.മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ ഇലവനിൽ നെയ്മർ ജൂനിയറെ പിഎസ്ജിയുടെ പരിശീലകൻ ഗാൾട്ടിയർ ഉൾപ്പെടുത്തിയിരുന്നില്ല. പകരം സറാബിയയായിരുന്നു കളിച്ചിരുന്നത്. പിന്നീട് 63ആം മിനിറ്റിൽ എംബപ്പേയുടെ പകരക്കാരനായി കൊണ്ടാണ് നെയ്മർ കളത്തിലേക്ക് എത്തിയത്.
ഏതായാലും നെയ്മറെ പുറത്തിരുത്തിയതിനുള്ള വിശദീകരണം ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾടിയർ നൽകിയിട്ടുണ്ട്. അതായത് പിഎസ്ജിക്ക് മുന്നിലുള്ളത് ഒരു ബിസി ഷെഡ്യൂൾ ആണെന്നും അതുകൊണ്ടുതന്നെ എല്ലാ താരങ്ങളും ബെഞ്ചിലിരിക്കേണ്ടി വരുമെന്നുള്ളത് എല്ലാവരെയും അറിയിച്ചതാണ് എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴🔵 "Vous dites que tout ça est nouveau. Mais c’est une obligation par rapport au calendrier hyper chargé pour tout le monde."https://t.co/YpfeX7L4WO
— RMC Sport (@RMCsport) September 3, 2022
” നിങ്ങളെല്ലാവരും പറയുന്നത് ഇതൊരു പുതിയ കാര്യമാണ് എന്നാണ്. പക്ഷേ ഒരു ബിസി ഷെഡ്യൂളിൽ ഇത് ഒരു ബാധ്യതയാണ്. ഞങ്ങൾക്ക് ഒരുപാട് കളിക്കേണ്ടി വരുന്നു.ഓരോ മൂന്നോ നാലോ ദിവസം കൂടുന്തോറും ഞങ്ങൾ കളിക്കുന്നു.അതുകൊണ്ടുതന്നെ എല്ലാ മത്സരത്തിലെയും 95 മിനുട്ടും എല്ലാവരും കളിക്കില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഞാൻ രണ്ട് തവണ സംസാരിച്ചിട്ടുണ്ട്. ഒരുതവണ ഓരോ താരങ്ങളുമായും മറ്റൊരുതവണ ഗ്രൂപ്പുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണമായ ഒരു കാര്യമാണെന്നും ശരിയായ ആറ്റിറ്റ്യൂഡ് ആണ് വേണ്ടത് എന്നുള്ളതും ഞാൻ താരങ്ങളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പകരം കളിക്കാൻ അവസരം ലഭിക്കുന്ന താരങ്ങൾക്ക് കൂടി നിങ്ങൾ മൂല്യം കൽപ്പിക്കേണ്ടതുണ്ട് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരായ യുവന്റസിനെയാണ് പിഎസ്ജിക്ക് നേരിടേണ്ടത്.ആ മത്സരത്തിൽ നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.