എന്തുകൊണ്ടാണ് പിഎസ്ജിയിൽ പരിശീലകന് സമയം ആവശ്യമാകുന്നത്? പോച്ചെട്ടിനോ പറയുന്നു!
പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് മൗറിസിയോ പോച്ചെട്ടിനോ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം എന്നുള്ളത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുക എന്നുള്ളത് മാത്രമായിരുന്നു. വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി നേരത്തെ തന്നെ പുറത്താവുകയായിരുന്നു. അതുകൊണ്ടുതന്നെ പോച്ചെട്ടിനോയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ പോച്ചെട്ടിനോ പങ്കുവെച്ചിട്ടുണ്ട്.അതായത് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവരൊക്കെ പരിശീലകന് അനുവദിക്കുന്ന സമയം പോലെ പിഎസ്ജിയും പരിശീലകന് സമയം അനുവദിക്കണമെന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.പോച്ചെയുടെ വാക്കുകൾ യൂറോപ്പ് വൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Video: Mauricio Pochettino Discusses Why a Manager at PSG Needs Time https://t.co/gyU676OmRM
— PSG Talk (@PSGTalk) May 1, 2022
” കളക്ടീവ് പ്രകടനം കാഴ്ച്ചവെക്കാനും എല്ലാം ശരിയാക്കാനും ഞങ്ങൾക്ക് വളരെ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കാരണം ഓരോ വ്യക്തികൾക്കും കളക്ടീവ് ഗെയിമിലേക്ക് മാറാൻ സമയം ആവശ്യമാണ്.ഞങ്ങൾക്ക് അത് ലഭിച്ചിരുന്നില്ല. പക്ഷേ അത് വളരെ മോശമായിരുന്നില്ല.പിഎസ്ജിക്ക് സമയം നൽകേണ്ടതില്ലെന്ന് പലരും പറയുന്നുണ്ട്. പക്ഷേ നിങ്ങൾക്ക് ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കുമൊക്കെ സമയം നൽകാം. ശരിയാക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഭാവിയിൽ അത് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യണം. ഞങ്ങൾക്കും ക്ലബ്ബിനും അതേക്കുറിച്ച് നന്നായി അറിയാം. വളരെ പെട്ടെന്ന് മാറ്റേണ്ട ചില കാര്യങ്ങൾ ഇവിടെയുണ്ട് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിലെ ലീഗ് വൺ കിരീടം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.എന്നാൽ ഫ്രഞ്ച് കപ്പിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി നേരത്തെ പുറത്താവുകയായിരുന്നു.