എന്താണ് പിഎസ്ജിയുടെ സ്റ്റാൻഡേർഡ്? രൂക്ഷ വിമർശനവുമായി ഹെൻറി!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി നാണംകെട്ട തോൽവി ഏറ്റു വാങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി മൊണാക്കോക്ക് മുന്നിൽ തകർന്നടിഞ്ഞത്.അവസാനത്തെ 4 മത്സരങ്ങളിൽ മൂന്നിലും PSG പരാജയപ്പെടുകയായിരുന്നു.

ഈ മത്സരത്തിന് ശേഷം ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി പിഎസ്ജിയെ രൂക്ഷ വിമർശനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ട്.എന്താണ് ക്ലബ്ബിന്റെ സ്റ്റാൻഡേർഡ് എന്നാണ് ഇദ്ദേഹം ചോദിച്ചത്.കൂടാതെ ആരാധകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും ഹെൻറി കൂട്ടിച്ചേർത്തു. മത്സരശേഷം ആമസോൺ പ്രൈം വീഡിയോയിൽ സംസാരിക്കുകയായിരുന്നു ഹെൻറി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സീസണിന്റെ തുടക്കം മുതലേ പിഎസ്ജി ഇങ്ങനെയാണ്.ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്താണ് ക്ലബ്ബിന്റെ സ്റ്റാൻഡേർഡ്? ആളുകൾക്കല്ല ഇവിടെ പ്രാധാന്യം. മറിച്ച് ഈ ജേഴ്സിക്കാണ്. ഈ ജേഴ്സി ആളുകളെ മറികടക്കേണ്ടതുണ്ട്. ഞാൻ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുണ്ട്.നിങ്ങൾക്ക് ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ക്ലബ്ബ് വിടുകയാണ് ചെയ്യേണ്ടത്. വലിയ ക്ലബ്ബുകളിൽ അങ്ങനെയാണ്.പക്ഷെ പിഎസ്ജിയുടെ കാര്യം എടുത്തു നോക്കൂ.പിഎസ്ജി ഒരു വലിയ ക്ലബ്ബ് തന്നെയാണ്.10 കിരീടങ്ങൾ എന്നുള്ളത് നിങ്ങൾ നിസാരമാക്കി കളയരുത്.ക്ലബ്ബിനും ആരാധകർക്കുമിടയിൽ ബന്ധത്തിന്റെ അഭാവമുണ്ട്.പിഎസ്ജി ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു കമ്പനി പോലെയാണ്, അല്ലാതെ ക്ലബ്ബ് പോലെയല്ല.പിഎസ്ജി ആരാധകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ട് ” ഇതാണ് ഹെൻറി പറഞ്ഞത്.

തോൽവി വഴങ്ങിയെങ്കിലും പിഎസ്ജി തന്നെയാണ് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത്.29 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *