എംബാപ്പെക്കും കോവിഡ് സ്ഥിരീകരിച്ചു, പിഎസ്ജി പ്രതിസന്ധിയിൽ !

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെക്കും കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി എംബാപ്പെ ഫ്രാൻസ് ടീമിനൊപ്പമായിരുന്നു. അവിടുന്ന് യുവേഫ നടത്തിയ പരിശോധനകൾക്കിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം പരിശീലനം അവസാനിപ്പിക്കുകയും ഫ്രഞ്ച് ടീം വിടുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ന് നടക്കുന്ന ക്രോയേഷ്യക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവും. ഫ്രഞ്ച് ഫുട്ബോൾ അധികൃതർ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് താരത്തിന് കോവിഡ് ഉള്ള കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഇക്കാര്യം എംബാപ്പെയുടെ ക്ലബ് ആയ പിഎസ്ജിയെ അറിയിക്കാത്തത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ ഫ്രഞ്ച് ടീമിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. തങ്ങളുടെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് തങ്ങളെ അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞത് എന്നുമാണ് ഇദ്ദേഹം പ്രസ്താവിച്ചത്. താരത്തിന് പിഎസ്ജിയുടെ മത്സരങ്ങളും നഷ്ടമാവുമെന്നാണ് അറിയാൻ കഴിയുന്നത്. സെപ്റ്റംബർ പത്തിന് ലെൻസിനെതിരായ മത്സരവും സെപ്റ്റംബർ പതിമൂന്നിന് മാഴ്സെക്കെതിരായ മത്സരവും എംബാപ്പെക്ക് നഷ്ടമാവും. ടെലിഫൂട്ട് ആണ് ഈ കാര്യം പുറത്ത് വിട്ടത്. അതേ സമയം കോവിഡ് സ്ഥിരീകരിക്കുന്ന പിഎസ്ജിയുടെ ഏഴാം താരമാണ് എംബാപ്പെ. മുമ്പ് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, മൗറോ ഇകാർഡി, കെയ്‌ലർ നവാസ്, എയ്ഞ്ചൽ ഡി മരിയ, പരേഡസ്,മാർക്കിഞ്ഞോസ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് പിഎസ്ജിയാണ്.

Leave a Reply

Your email address will not be published. Required fields are marked *