എംബപ്പേ റോബോട്ടാണ് എന്ന ധാരണ ആരാധകർക്കുണ്ട്: വിമർശനങ്ങളോട് പ്രതികരിച്ച് ഡുഗാരി

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ ഹോം ഗ്രൗണ്ട് ആയ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഒരു തിരിച്ചുവരവാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.

ആദ്യപാദ മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പേക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളുടെ കാരണങ്ങൾ മുൻ ഫ്രഞ്ച് താരമായ ക്രിസ്റ്റോഫ് ഡുഗാരി കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് എംബപ്പേ ഒരു റോബോട്ടാണ് എന്ന് ധാരണയിലാണ് ആരാധകർ ഉള്ളത് എന്നാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ ഒരു റോബോട്ടാണ് എന്ന ധാരണ ഇവിടുത്തെ ആരാധകർക്കുണ്ട്. അദ്ദേഹത്തിന് ഈ ഇമോഷനുകളൊക്കെ കുറവാണ് എന്നാണ് ഇവിടുത്തെ ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്.അതിന് കാരണം അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെയാണ്.ഒരുപാട് റെക്കോർഡുകൾ അദ്ദേഹം തകർക്കുന്നു, കിരീടങ്ങൾ നേടുന്നു, ആരാധകരുമായി വളരെ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം ഇടപഴകുന്നു,ക്ലബ്ബുമായി ഇടപഴകൽ കുറവ്, ഇക്കാരണങ്ങൾ കൊണ്ട് അദ്ദേഹത്തെ ഒരു റോബോട്ടിനെ പോലെയാണ് പലരും പരിഗണിക്കുന്നത്. ക്ലബ്ബിന് വേണ്ടി തന്റെ മുഴുവൻ പ്രകടനവും അദ്ദേഹം പുറത്തെടുത്തിട്ടില്ല എന്ന ഒരു തോന്നൽ പല ആരാധകർക്കുമുണ്ട്.എന്നാൽ അങ്ങനെയല്ല.അദ്ദേഹം നമ്മളെപ്പോലെ തന്നെ എല്ലാ വികാരങ്ങളുമുള്ള ഒരു മനുഷ്യനാണ് “ഇതാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിൽ പിഎസ്ജിയുടെ ഏറ്റവും വലിയ പ്രതീക്ഷ കിലിയൻ എംബപ്പേ തന്നെയാണ്.ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 26 ഗോളുകളും ഏഴ് അസിസ്റ്റുകളും ഫ്രഞ്ച് ലീഗിൽ അദ്ദേഹം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ എട്ട് ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *