എംബപ്പേ ബാലൺഡി’ഓർ നേടും :ഫ്രഞ്ച് പരിശീലകൻ.
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. മാത്രമല്ല വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം എംബപ്പേ സ്വന്തമാക്കുകയും ചെയ്തിരുന്നു.ബാലൺഡി’ഓർ ക്രൈറ്റീരിയ അനുസരിച്ച് ഇത്തവണത്തെ പുരസ്കാരം താൻ അർഹിക്കുന്നുണ്ടെന്നും എംബപ്പേ പറഞ്ഞിരുന്നു.
പക്ഷേ ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന താരങ്ങൾ ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റുമാണ്. ഇതേക്കുറിച്ച് ഇപ്പോൾ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് സംസാരിച്ചിട്ടുണ്ട്.അതായത് ഇപ്പോഴല്ലെങ്കിൽ പിന്നീട് എന്തായാലും എംബപ്പേ ബാലൺഡി’ഓർ അവാർഡ് നേടുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Didier Deschamps on Kylian Mbappé's Ballon d'Or dream:
— Get French Football News (@GFFN) July 5, 2023
"He'll win it sooner or later."https://t.co/t2bPrRULhv
” തീർച്ചയായും എംബപ്പേ ബാലൺഡി’ഓർ അവാർഡ് നേടുക തന്നെ ചെയ്യും.ഇപ്പോഴല്ലെങ്കിൽ പിന്നീട് അത് സംഭവിക്കും. ഇതൊക്കെ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ്. കാരണം വളരെയധികം ആഗ്രഹങ്ങൾ ഉള്ള ഒരു വ്യക്തിയാണ് എംബപ്പേ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ഒരു അധ്യായം കുറിക്കാൻ വേണ്ടി അദ്ദേഹം പരമാവധി ശ്രമിക്കുക തന്നെ ചെയ്യും.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എപ്പോഴും തന്റെ ഉത്തരവാദിത്തങ്ങൾ അംഗീകരിക്കുന്ന വ്യക്തിയാണ് കിലിയൻ എംബപ്പേ ” ഇതാണ് ദെഷാപ്സ് പറഞ്ഞിട്ടുള്ളത്.
എംബപ്പേയുടെ ക്ലബ്ബിലെ ഭാവി അനിശ്ചിതത്വത്തിലാണ്. രണ്ടാഴ്ചക്കകം ഒരു അന്തിമ തീരുമാനം എടുക്കാൻ ഖലീഫി അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എംബപ്പേയെ ഫ്രീയായി പോകാൻ അനുവദിക്കില്ല എന്നാണ് ഖലീഫി കഴിഞ്ഞദിവസം പറഞ്ഞത്.