എംബപ്പേ-പിഎസ്ജി പോര്,തിരിച്ചടി പിഎസ്ജിക്ക് തന്നെ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കിലിയൻ എംബപ്പേ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞത്.ജൂൺ മാസം അവസാനിച്ചതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയായിരുന്നു.പിന്നീട് ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. താരത്തെ നിലനിർത്താൻ വേണ്ടി പിഎസ്ജി പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.
എംബപ്പേ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടത് പിഎസ്ജിക്ക് ഒട്ടും പിടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ക്ലബ്ബ് നൽകാനുള്ള സാലറി തടഞ്ഞുവെക്കുകയായിരുന്നു. അവസാനത്തെ 3 മാസത്തെ സാലറിയാണ് എംബപ്പേക്ക് പിഎസ്ജി നൽകാതിരുന്നത്. കൂടാതെ ലോയൽറ്റി ബോണസും പിഎസ്ജി നൽകിയില്ല എന്നാണ് എംബപ്പേ ആരോപിച്ചിരുന്നത്. അങ്ങനെ 55 മില്യൺ യൂറോയാണ് പിഎസ്ജിയിൽ നിന്നും എംബപ്പേക്ക് ലഭിക്കാനുണ്ടായിരുന്നത്.
ഇത് പിഎസ്ജി നൽകാതെ വന്നതോടെ എംബപ്പേ നിയമനടപടി സ്വീകരിച്ചു. ഫ്രഞ്ച് ലീഗിന്റെ ലീഗൽ കമ്മീഷനെയായിരുന്നു എംബപ്പേ സമീപിച്ചിരുന്നത്. ഏതായാലും ഈ കേസിൽ വിജയം സ്വന്തമാക്കാൻ ഇപ്പോൾ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്. നൽകാനുള്ള 55 മില്യൺ യൂറോ എംബപ്പേക്ക് നൽകാൻ ലീഗൽ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഫ്രഞ്ച് മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ പിഎസ്ജി ഈ തീരുമാനത്തിനെതിരെ അപ്പീൽ പോകുമോ എന്നുള്ളത് വ്യക്തമല്ല.എംബപ്പേക്ക് നൽകാനുള്ള സാലറി ക്ലബ് നൽകിയിട്ടില്ല എന്ന് വ്യക്തമായതോടുകൂടിയാണ് ലീഗൽ കമ്മീഷൻ അത് നൽകാൻ ഉത്തരവിട്ടത്. ഏതായാലും ഇക്കാര്യത്തിൽ എംബപ്പേയുടെ ഭാഗത്താണ് ന്യായം എന്നുള്ളത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഈ വിധി വരുന്നതിനു മുൻപ് മധ്യസ്ഥതയിലൂടെ ഇത് പരിഹരിക്കാൻ പിഎസ്ജി ശ്രമിച്ചിരുന്നു. ഒരു തുക അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ എംബപ്പേ അത് നിരസിക്കുകയായിരുന്നു. 55 മില്യൺ യൂറോ പൂർണ്ണമായും ലഭിക്കണം എന്നായിരുന്നു എംബപ്പേയുടെ നിലപാട്.ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിട്ടുള്ളത്.