എംബപ്പേ പരാതി നൽകി,പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകുമോ?
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ നിലവിൽ റയൽ മാഡ്രിഡിന്റെ താരമാണ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിൽ എത്തിയത്. കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ ക്ലബ്ബിൽ തന്നെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നു.അവർ വലിയ രൂപത്തിൽ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ എംബപ്പേ അതിന് വിസമ്മതിക്കുകയും ക്ലബ് വിട്ട് പുറത്ത് പോവുകയും ചെയ്തു.
ഇക്കാര്യത്തിൽ എംബപ്പേയോട് പിഎസ്ജി കടുത്ത എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ പിഎസ്ജി അദ്ദേഹത്തിന്റെ അവസാന 3 മാസത്തെ സാലറി നൽകിയിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ,മേയ്,ജൂൺ എന്നീ മാസങ്ങളിലെ സാലറിയാണ് പിഎസ്ജി അദ്ദേഹത്തിന് നൽകാതിരിക്കുന്നത്. കൂടാതെ എത്തിക്സ് ബോണസും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇങ്ങനെ ആകെ ക്ലബ്ബിൽ നിന്നും 55 മില്യൺ യൂറോ എംബപ്പേക്ക് ലഭിക്കാനുണ്ട്.
എംബപ്പേയുടെ ക്യാമ്പ് ഒരുപാട് തവണ ക്ലബ്ബിൽ നിന്നും ഇത് ആവശ്യപ്പെട്ടിരുന്നു.എന്നാൽ അവർ നൽകാൻ തയ്യാറായിരുന്നില്ല. വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് എംബപ്പേയുടെ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോൾ അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.എംബപ്പേ ബന്ധപ്പെട്ട അതോറിറ്റികൾക്ക് പരാതികൾ നൽകി കഴിഞ്ഞു.LFP,ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ,യുവേഫ എന്നിവർക്കൊക്കെയാണ് പരാതി നൽകിയിട്ടുള്ളത്.
കരാർ പ്രകാരമുള്ള സാലറി നൽകൽ ഓരോ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഈ പരാതി തീർച്ചയായും പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ക്ലബ്ബ് കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ LFP ക്ക് ട്രാൻസ്ഫർ ബാൻ ഉൾപ്പെടെയുള്ള ശിക്ഷകൾ പിഎസ്ജിക്ക് മേൽ ചുമത്താൻ കഴിയും.
അതേസമയം യുവേഫക്ക് നൽകിയ പരാതിയാണ് ഇവരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കാൻ യുവേഫക്ക് അധികാരമുണ്ട്. അതായത് എത്രയും പെട്ടെന്ന് ഇത് പരിഹരിച്ചില്ലെങ്കിൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കളിക്കുന്നത് അവതാളത്തിലാകും. അതുകൊണ്ടുതന്നെ പിഎസ്ജിക്ക് ഒരുപക്ഷേ ഈ വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചേക്കാം. ഏതായാലും തനിക്ക് ലഭിക്കാനുള്ളത് മുഴുവനും ലഭിക്കണം എന്നുള്ള ഒരു നിലപാടിൽ തന്നെയാണ് ഇപ്പോൾ എംബപ്പേയുള്ളത്.