എംബപ്പേ നെയ്മർക്ക് പാസ് നൽകാത്ത വിഷയം,പിഎസ്ജി പരിശീലകന് പറയാനുള്ളത്!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പിഎസ്ജി യുവന്റസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.എന്നാൽ താരത്തിന്റെ മറ്റൊരു പ്രവർത്തി വലിയ ശ്രദ്ധ നേടിയിരുന്നു. അതായത് നെയ്മർക്ക് ഗോൾ നേടാൻ വേണ്ടി പാസ് നൽകാനുള്ള വലിയ അവസരം ഉണ്ടായിട്ടും എംബപ്പേ സ്വയം ഗോളടിക്കാൻ നോക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് എംബപ്പേ നെയ്മർക്ക് പാസ് നൽകാത്തതിൽ നെഗറ്റീവ് ആയി താൻ ഒന്നും കാണുന്നില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല നെയ്മർക്ക് എംബപ്പേ അസിസ്റ്റുകൾ നൽകുമെന്നുള്ള കാര്യത്തിൽ തനിക്ക് സംശയമൊന്നുമില്ലെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മറും എംബപ്പേയും തമ്മിലുള്ള ബന്ധം വളരെ നല്ലതാണ്.ഒരു പ്രത്യേക സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് എംബപ്പേ നെയ്മറുമായി സംസാരിച്ചു എന്നാണ് ഞാൻ കരുതുന്നത്.എംബപ്പേയുമായി സംസാരിച്ചപ്പോൾ അവിടെ രണ്ട് ആക്ഷനായിരുന്നു ഉണ്ടായിരുന്നത്.ബോൾ നൽകാനുള്ള സാധ്യത അവിടെ ഉണ്ടായിരുന്നു, മറ്റൊന്ന് ബോക്സിനകത്ത് വെച്ച് തന്നെ ഡിഫറൻസ് സൃഷ്ടിക്കാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. ഒരുപക്ഷേ അദ്ദേഹം നെയ്മറെ ആ സമയത്ത് കണ്ടിട്ടുണ്ടാവില്ല. കേവലം രണ്ട് സെക്കൻഡ് മാത്രമാണ് എംബപ്പേക്ക് തീരുമാനമെടുക്കാൻ ലഭിച്ചിട്ടുള്ളത്. അദ്ദേഹം അത് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അത് നെഗറ്റീവ് ആയി കൊണ്ട് ഞാൻ ഒന്നും കാണുന്നില്ല. ഭാവിയിൽ നെയ്മർക്ക് അസിസ്റ്റുകൾ നൽകാൻ എംബപ്പേക്ക് കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്.ഈ സംഭവത്തിനുശേഷം അവരുടെ ബന്ധത്തിൽ യാതൊരുവിധ വിള്ളലുകളും വന്നിട്ടില്ല. പരിശീലനങ്ങളിലോക്കെ അവർ നല്ല രൂപത്തിലാണ് ഇടപഴകുന്നത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെയാണ് നേരിടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *