എംബപ്പേ ഇല്ലെങ്കിലും PSG UCL അടിക്കും:എൻറിക്കെ
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഇതുവരെ തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല.നേരത്തെ ഫൈനൽ വരെ ഇവർ എത്തിയിരുന്നു.പക്ഷേ കിരീടം നേടാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായിരുന്നില്ല.ഇത്തവണ വലിയ സാധ്യതകൾ കല്പിക്കപ്പെട്ടിരുന്നുവെങ്കിലും സെമിഫൈനലിൽ ബൊറൂസിയയോട് പരാജയപ്പെട്ടു കൊണ്ട് പിഎസ്ജി പുറത്താവുകയായിരുന്നു.കന്നി ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.
പിഎസ്ജിക്ക് വളരെ വലിയ നഷ്ടമാണ് എംബപ്പേയുടെ പോക്കിലൂടെ സംഭവിക്കുന്നത്. കളത്തിനകത്തും കളത്തിന് പുറത്തും എംബപ്പേയുടെ അഭാവം അവർക്ക് തിരിച്ചടി ഏൽപ്പിക്കും. പക്ഷേ എംബപ്പേ പോകുന്നതുകൊണ്ട് അവരുടെ പരിശീലകനായ ലൂയിസ് എൻറിക്കെക്ക് യാതൊരുവിധ ആശങ്കകളും ഇല്ല.എംബപ്പേ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്ജിക്ക് സാധിക്കും എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയെ ഈ സീസണിൽ പരിശീലിപ്പിക്കാൻ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്. ഏഴുവർഷം അദ്ദേഹം ഈ ക്ലബ്ബിൽ തുടർന്നു.ഈ ക്ലബ്ബിനോട് വിട പറയുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. തീർച്ചയായും എംബപ്പേക്ക് പകരക്കാരില്ല. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ ചെയ്യുന്ന കാര്യം അഞ്ചോ ആറോ സൈനിങ്ങുകൾ നടത്തി ടീമിനെ നിർമ്മിച്ചടുക്കും എന്നതാണ്. ഞങ്ങളുടെ ഈ ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയും.എംബപ്പേയുടെ അഭാവത്തിലും അതിന് സാധിക്കും.ഞങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യം ടീമിനെ ശക്തിപ്പെടുത്തുക എന്നതാണ് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിരവധി സൂപ്പർതാരങ്ങളെ ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. മുന്നേറ്റ നിരയിലേക്ക് രണ്ടോ അതിലധികമോ സൂപ്പർതാരങ്ങളെ പിഎസ്ജി സൈൻ ചെയ്തേക്കും എന്നാണ് അറിയാൻ കഴിയുന്നത്.റഫയേൽ ലിയാവോ,ഒസിമെൻ,കീച്ച ക്വാരഷ്ക്കേലിയ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.