എംബപ്പേയോട് മാഴ്സെയിലേക്ക് ചേക്കേറാൻ നിർദേശിച്ചിരുന്നു : ഫ്രഞ്ച് പ്രസിഡന്റ്‌!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ ഈ സീസണിലാണ് അവസാനിക്കുക.ഈ കരാർ താരം ഇതുവരെ പുതുക്കിയിട്ടില്ല. പിഎസ്ജിയിൽ തുടരുമോ അതെല്ലെങ്കിൽ ക്ലബ് വിടുമോ എന്നുള്ള കാര്യത്തിലും ഇതുവരെ എംബപ്പേ തീരുമാനം കൈക്കൊണ്ടിട്ടില്ല.അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകമുള്ളത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ ഫ്രാൻസിന്റെ പ്രസിഡന്റായ ഇമ്മാനുവൽ മക്രോൺ നടത്തിയിട്ടുണ്ട്.അതായത് എംബപ്പേയോട് ഒളിമ്പിക് മാഴ്സെയിലേക്ക് ചേക്കേറാൻ താൻ നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ ഉടൻ തന്നെ താരം അത് നിരസിക്കുകയായിരുന്നു എന്നുമാണ് മക്രോൺ പറഞ്ഞിട്ടുള്ളത്.പിഎസ്ജിയുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയുടെ ആരാധകനാണ് ഫ്രഞ്ച് പ്രസിഡന്റ്‌. ഇമ്മാനുവൽ മക്രോണിന്റെ വാക്കുകൾ സോ ഫൂട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കിലിയൻ എംബപ്പേ ഒളിമ്പിക് മാഴ്സെയിലേക്ക് ചേക്കേറാൻ ഞാൻ ആഗ്രഹിക്കുന്നു.അദ്ദേഹം അതിന് തയ്യാറാണെങ്കിൽ അതിന് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. ഈയൊരു നിർദേശം ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ ഉടൻ തന്നെ എംബപ്പേ അത് നിരസിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം ഫ്രഞ്ച് ലീഗിൽ തന്നെ തുടരുന്നതാണ് നല്ലത്.അതിന് വേണ്ടി പോരാടണം. കാരണം അദ്ദേഹം വളരെ മികച്ച ഒരു താരമാണ് ” ഇതാണ് ഫ്രാൻസിന്റെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പിഎസ്ജി ഒന്നാം സ്ഥാനത്തും മാഴ്സെ രണ്ടാം സ്ഥാനത്തുമാണ്.പത്താം ലീഗ് വൺ കിരീടം ഇപ്പോൾ തന്നെ പിഎസ്ജി ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *