എംബപ്പേയെ വിശ്വസിക്കാതെ റയൽ മാഡ്രിഡ്, കരാർ പുതുക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ല!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സംഭവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. അതായത് ഫ്രീ ഏജന്റാവുന്ന കിലിയൻ എംബപ്പേ പിഎസ്ജിയോട് വിടപറഞ്ഞുകൊണ്ട് റയൽ മാഡ്രിഡിൽ എത്തുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എംബപ്പേ പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.രണ്ടു വർഷത്തേക്ക് അദ്ദേഹം കോൺട്രാക്ട് പുതുക്കുകയും ചെയ്തു.
റയലിനെ സംബന്ധിച്ചിടത്തോളം ഇതൊരു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.ട്രാൻസ്ഫർ മാർക്കറ്റുകളിൽ അധികം അടിപതറാത്ത പെരസിന് ഇത് ക്ഷീണം ചെയ്തു. വീണ്ടും ഒരിക്കൽ കൂടി എംബപ്പേയുടെ ട്രാൻസ്ഫർ റൂമറുകൾ ഫുട്ബോൾ ലോകത്ത് സജീവമായിട്ടുണ്ട്. കഴിഞ്ഞ തവണ കൈപൊള്ളിയതിനാൽ ഇത്തവണ വളരെ സൂക്ഷിച്ചു കൊണ്ടാണ് റയൽ മാഡ്രിഡും പെരസും ഇടപെടലുകൾ നടത്തുന്നത്.കിലിയൻ എംബപ്പേയെ റയൽ ഇതുവരെ പൂർണമായും വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സംഭവിച്ചതുപോലെ എംബപ്പേ ഒരിക്കൽ കൂടി പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കിയാലും റയൽ മാഡ്രിഡ് അത്ഭുതപ്പെടില്ല. അതുകൊണ്ടുതന്നെ നിലവിൽ റയൽ യാതൊരുവിധ നീക്കങ്ങളും നടത്തിയിട്ടില്ല.ഈ സമ്മറിൽ പിഎസ്ജി വിടുമെന്നുള്ള ഉറപ്പ് എംബപ്പേ നൽകിയാൽ മാത്രമാണ് റയൽ മാഡ്രിഡ് രംഗത്തേക്ക് തന്നെ പ്രവേശിക്കുകയുള്ളൂ.ഈ സമ്മറിൽ എംബപ്പേ പിഎസ്ജി വിടാൻ സാധ്യത വളരെയധികം കുറവാണ് എന്നാണ് റയൽ മാഡ്രിഡ് ഇപ്പോൾ വിശ്വസിക്കുന്നത്.ഗോൾ ഡോട്ട് കോമാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨🇫🇷 Nobody at Real Madrid rules out Kylian Mbappé will renew. @antonmeana pic.twitter.com/19hWsn6a9f
— Madrid Xtra (@MadridXtra) July 12, 2023
എംബപ്പേ ഈ സമ്മറിൽ പിഎസ്ജി വിടാൻ ആഗ്രഹിക്കാത്തതിന്റെ കാരണം ലോയൽറ്റി ബോണസാണ്. കരാർ പൂർത്തിയാക്കി കഴിഞ്ഞാൽ എംബപ്പേക്ക് ലോയൽറ്റി ബോണസ് ലഭിക്കും. ഏതായാലും താരത്തിന്റെ ഭാവിയുടെ കാര്യത്തിലെ നിർണായകമായ ആഴ്ചകളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പിഎസ്ജിയും എംബപ്പേയും എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.