എംബപ്പേയെ ആശ്രയിച്ച് മാത്രം ഓടുന്ന ടീമല്ല ഇത് :തുറന്നടിച്ച് എൻറിക്കെ!
പതിവുപോലെ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പുറത്തെടുക്കുന്നത്. ഫ്രഞ്ച് ലീഗിൽ അദ്ദേഹം 14 ഗോളുകൾ നേടിക്കഴിഞ്ഞു. ഈ സീസണിൽ ആകെ 17 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. എന്നാൽ ക്ലബ്ബിലെ രണ്ടാം സ്ഥാനക്കാരുമായി വലിയ വ്യത്യാസം ഇവിടെയുണ്ട്. അതായത് എംബപ്പേ 17 ഗോളുകൾ നേടി ഒന്നാം സ്ഥാനത്താണെങ്കിൽ രണ്ടാം സ്ഥാനത്ത് വരുന്ന കോലോ മുവാനിയും ഹക്കീമിയും നാല് ഗോളുകൾ വീതമാണ് നേടിയിരുന്നത്. കഴിഞ്ഞ സീസണിൽ ഇതിൽ നിന്നും കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. മെസ്സി 21 ഗോളുകളും നെയ്മർ 18 ഗോളുകളുമായി എംബപ്പേയുടെ തൊട്ട് പിറകിൽ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോൾ എംബപ്പേയെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ടീമാണോ പിഎസ്ജി എന്ന് എൻറിക്കെയോട് ചോദിക്കപ്പെട്ടിരുന്നു. വളരെ ദേഷ്യത്തോട് കൂടിയാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. അത്തരത്തിലുള്ള ഒരു ടീമല്ല പിഎസ്ജി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഇതിനുള്ള ഒരു വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്.പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
« J‘aimerais bien avoir trois Kylian Mbappé dans l’équipe » : le rêve impossible de Luis Enrique pour le PSG
— Le Parisien | PSG (@le_Parisien_PSG) December 2, 2023
➡️ https://t.co/QV9cJlK105 pic.twitter.com/SeAAUsvFvo
“എംബപ്പേ നേടിയതുപോലെ 17 ഗോളുകൾ വീതം നേടുന്ന 3 സ്ട്രൈക്കർമാർ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് സാധ്യമല്ലല്ലോ. കഴിഞ്ഞവർഷം മൂന്ന് സൂപ്പർതാരങ്ങളായിരുന്നു ഉണ്ടായിരുന്നത്.അവർ മൂന്നുപേരും ഗോളുകൾ പങ്കിടുകയായിരുന്നു. ഇവിടെ ഗോളടിക്കാൻ കഴിയുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. ഞങ്ങൾ എംബപ്പേയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത്.മറ്റുള്ളവരും ഇവിടെ ഗോളുകൾ നേടുന്നുണ്ട്. നിങ്ങൾക്ക് വേണ്ടതൊക്കെ നിങ്ങൾ പറയുക ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.ലെ ഹാവ്രയാണ് പിഎസ്ജിയുടെ എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജിയാണ്.