എംബപ്പേയുടെ പകരക്കാരനോ? സൂപ്പർ സ്ട്രൈക്കറെ നോട്ടമിട്ട് പിഎസ്ജി!

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സിയെ നഷ്ടമായത്. ഇതിന് പിന്നാലെ കിലിയൻ എംബപ്പേയെ കൂടി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടിട്ടില്ലെങ്കിൽ എന്തായാലും അടുത്ത സമ്മറിൽ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞേക്കും. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് കൂടുതൽ മികച്ച താരങ്ങളെ നിലവിൽ പിഎസ്ജിക്ക് ആവശ്യമുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് യുവന്റസിന്റെ സെർബിയൻ സൂപ്പർ സ്ട്രൈക്കറായ ഡുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.സ്ട്രൈക്കർ പൊസിഷനിലേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ഈ താരത്തെയാണ്. താരത്തിന് വേണ്ടി ഉടൻതന്നെ പിഎസ്ജി നീക്കങ്ങൾ ആരംഭിച്ചേക്കും.

അദ്ദേഹത്തെ വിൽക്കാൻ ഇപ്പോൾ യുവന്റസ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഫിയോറെന്റിനക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയിരുന്ന ഈ സൂപ്പർ സ്ട്രൈക്കർ കഴിഞ്ഞ വർഷമായിരുന്നു യുവന്റസിൽ എത്തിയത്.എന്നാൽ യുവന്റസിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ ഈ സ്ട്രൈക്കർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ കൈമാറാൻ ഇപ്പോൾ യുവന്റസ് തീരുമാനിച്ചിരിക്കുന്നത്.

എന്നിരുന്നാലും 10 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ താരം കഴിഞ്ഞ ഇറ്റാലിയൻ ലീഗിൽ നേടിയിട്ടുണ്ട്.പിഎസ്ജിയെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്കും ഈ താരത്തിൽ താല്പര്യമുണ്ട്. ഏതായാലും അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങളിലാണ് പിഎസ്ജി ഇപ്പോൾ ഉള്ളത്. പരിശീലകനായി എൻറിക്കെയെ എത്തിച്ചതിന് പുറമേ അസെൻസിയോ,സ്ക്രീനിയർ,ഉഗാർറ്റെ,ലുകാസ് ഹെർണാണ്ടസ് എന്നിവരെ പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *