എംബപ്പേയുടെ കാര്യത്തിൽ വിധി പുറപ്പെടുവിച്ച് കോടതി!

ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കും റൂമറുകൾക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്. അക്ഷരാർത്ഥത്തിൽ ഇത് തിരിച്ചടിയേൽപ്പിച്ചത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയാണ്. താരത്തെ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുകയും ശ്രമങ്ങൾ നടത്തുകയും ചെയ്ത റയലിന് പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഒരു തീരുമാനമായിരുന്നു എംബപ്പേയിൽ നിന്നും ലഭിച്ചത്.

മാത്രമല്ല എംബപ്പേക്ക് വലിയ രൂപത്തിലുള്ള വിട്ടുവീഴ്ചകൾ പിഎസ്ജി ചെയ്തു നൽകി എന്നുള്ള റൂമറുകളും വ്യാപകമായിരുന്നു. അതുകൊണ്ടുതന്നെ പിഎസ്ജി എംബപ്പേയുടെ കരാർ പുതുക്കിയതിനെതിരെ ലാലിഗ ഒരു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു.പിഎസ്ജി ഈ വിഷയത്തിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ലംഘിച്ചു എന്നായിരുന്നു ലാലിഗയുടെ പരാതി.

പാരീസിലെ അഡ്മിനിസ്ട്രേറ്റീവ് കോർട്ടായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്.ഇതിലെ വിധി ഇപ്പോൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.ലാലിഗയുടെ ആവശ്യം കോടതി നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ LFP ക്ക് എംബപ്പേയുടെ കരാർ അസാധുവാക്കാൻ കഴിയില്ല.കിലിയൻ എംബപ്പേയുടെ കരാർ നിയമ വിധേനയാണെന്നും അദ്ദേഹത്തിന് ക്ലബ്ബിൽ തുടരാമെന്നുമാണ് കോടതി വിധി പ്രതിപാദിക്കുന്നത്.

എംബപ്പേയുടെ കരാർ പുതുക്കലിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതിന് തെളിവുകൾ ഇല്ല എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. മൂന്ന് വർഷത്തെ കരാറിലായിരുന്നു എംബപ്പേ ഒപ്പ് വെച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് നിലവിൽ പിഎസ്ജി എംബപ്പേക്ക് സാലറിയായി കൊണ്ട് നൽകുന്നത്. ഏതായാലും നിലവിൽ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം എംബപ്പേയുടെ കാര്യം അത്ര ശുഭകരമല്ല. കഴിഞ്ഞ മത്സരത്തിൽ മോശം ആറ്റിറ്റ്യൂഡ് ആയിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൂടാതെ നെയ്മറുമായുള്ള പെനാൽറ്റി വിവാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *