എംബപ്പേയുടെ കരാർ ലീക്കായത് നിഷേധിച്ച് പിഎസ്ജി,നിയമനടപടി സ്വീകരിക്കും!

കഴിഞ്ഞ ദിവസമായിരുന്നു ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടത്. അതായത് എംബപ്പേയുടെ കരാറിന്റെ വിശദാംശങ്ങളായിരുന്നു അത്. ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കിയത്.സാലറിയും ബോണസുമടക്കം ആകെ 630 മില്യൺ യൂറോ എംബപ്പേക്ക് ലഭിക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇവർ നടത്തിയിരുന്നത്.

എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ഇപ്പോൾ പിഎസ്ജി തന്നെ രംഗത്ത് വന്നിട്ടുണ്ട്.റിപ്പോർട്ടുകൾ ഒന്നും സത്യമല്ല എന്നാണ് പിഎസ്ജി സ്ഥിരീകരിച്ചിട്ടുള്ളത്.മാത്രമല്ല ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്. അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിനെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അവർ പുറത്തുവിട്ട റിപ്പോർട്ട് തികച്ചും വ്യാജമാണ് എന്നുള്ളത് ഞങ്ങൾ ഇപ്പോൾ സ്ഥിരീകരിക്കുന്നു. ആ റിപ്പോർട്ടിലെ ഒരു വാക്ക് പോലും സത്യമല്ല. ഒരു പ്രധാനപ്പെട്ട ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഒരു ദിവസം മുമ്പാണ് ഈ വാർത്ത പുറത്തേക്ക് വരുന്നത്. ഈ ടൈമിങ്‌ ഞങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തുന്നുണ്ട് ” ഇതായിരുന്നു പിഎസ്ജിയുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്. മാത്രമല്ല നിയമനടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒരു വർഷം 72 മില്യൻ യൂറോ സാലറിയായി കൊണ്ട് കിലിയൻ എംബപ്പേക്ക് ലഭിക്കുന്നു എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. അത് സത്യമാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി മാറാൻ എംബപ്പേക്ക് സാധിക്കുമെന്നുള്ളതാണ്. ഏതായാലും എംബപ്പേയുടെ കരാറിന്റെ വിശദാംശങ്ങൾ ഒന്നും പുറത്തുവിടാൻ ഇതുവരെ പിഎസ്ജി തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *