എംബപ്പേക്ക് നാളെ ഫെയർവെൽ,അൾട്രാസിന് പാർട്ടി നൽകി,ഖലീഫിയുമായി ഉടക്കിൽ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ ഒടുവിൽ ആ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നു.ഈ സീസണിന് ശേഷം താൻ ക്ലബ്ബ് വിടും എന്നുള്ള പ്രഖ്യാപനമാണ് എംബപ്പേ നടത്തിയിട്ടുള്ളത്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് പോകാനാണ് എംബപ്പേ തീരുമാനിച്ചിട്ടുള്ളത്. 2017 മുതൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന എംബപ്പേ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്.

എംബപ്പേക്ക് യാത്രയയപ്പ് നൽകാൻ പിഎസ്ജി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.നാളെ ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ടുളുസെയാണ് പിഎസ്ജിയുടെ എതിരാളികൾ.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിലെ ഈ സീസണിലെ അവസാന മത്സരം കൂടിയാണ് ഇത്. ഈ മത്സരത്തിനു ശേഷമാണ് ക്ലബ് എംബപ്പേക്കുള്ള യാത്രയയപ്പ് നൽകുക.ഫ്രഞ്ച് മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം എംബപ്പേയുമായി ബന്ധപ്പെട്ട ഒരുപാട് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.പിഎസ്ജി വിടുകയാണ് എന്ന പ്രഖ്യാപനം നടത്തിയതിനുശേഷം പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസിലെ പ്രധാനപ്പെട്ട അംഗങ്ങൾക്ക് വേണ്ടി ഒരു പാർട്ടി കിലിയൻ എംബപ്പേ നടത്തിയിട്ടുണ്ട്. ക്ലബ്ബിനോട് വിട പറയുന്ന സമയത്തും പിഎസ്ജി ആരാധകരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ എംബപ്പേ ചെയ്തിട്ടുള്ളത്.അൾട്രാസിലെ പ്രധാനപ്പെട്ട അംഗങ്ങളെല്ലാം ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്.

അതേസമയം എംബപ്പേയും പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയും തമ്മിൽ ഉടക്കിലാണ് എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. തന്റെ വിടവാങ്ങൽ വീഡിയോയിൽ എംബപ്പേ എല്ലാവരോടും നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷേ ക്ലബ്ബിന്റെ പ്രസിഡണ്ടിനെ ഒരിടത്ത് പോലും അദ്ദേഹം പരാമർശിച്ചിട്ടില്ല.എംബപ്പേ ക്ലബ്മായുള്ള കോൺട്രാക്ട് പുതുക്കാത്തതിൽ നാസർ അൽ ഖലീഫിക്ക് വലിയ ദേഷ്യമുണ്ട്.അദ്ദേഹം പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും അത് ഫലം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിരിക്കുന്നത്. ഏതായാലും കിലിയൻ എംബപ്പേയെ ഇനി അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡ് ജേഴ്സിയിലാണ് നമുക്ക് കാണാൻ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *