എംബപ്പേക്ക് തുടരാനുള്ള എല്ലാവിധ അവകാശവുമുണ്ട് :പിഎസ്ജിക്കെതിരെ ഫിഫ് പ്രൊ!

സൂപ്പർ താരം കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഫുട്ബോൾ ലോകം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹം കോൺട്രാക്ട് പുതുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് ക്ലബ്ബ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കുകയും വിൽപ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം നീക്കങ്ങളിൽ ഒന്നും തന്നെ എംബപ്പേ അടിപതറിയിട്ടില്ല. അദ്ദേഹം തന്റെ തീരുമാനം മാറ്റിയിട്ടുമില്ല. കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അടുത്ത സമ്മറിൽ ക്ലബ്ബ് വിടാനാണ് എംബപ്പേയുടെ പദ്ധതികൾ.

എന്നാൽ നിർബന്ധമായും ഈ സമ്മറിൽ തന്നെ ക്ലബ്ബ് വിടണമെന്നാണ് എംബപ്പേയോട് പിഎസ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ കിലിയൻ എംബപ്പേക്ക് പിന്തുണയുമായി ഫിഫ് പ്രൊ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷനാണ് ഫിഫ് പ്രൊ.എംബപ്പേക്ക് പിഎസ്ജിയിൽ തുടർന്നുകൊണ്ട് കരാർ പൂർത്തിയാക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട് എന്നാണ് ഫിഫ് പ്രൊയുടെ ജനറൽ സെക്രട്ടറിയായ ഹോഫ്മാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തന്റെ കോൺട്രാക്ട് പൂർത്തിയാകും വരെ ക്ലബ്ബിൽ കളിക്കാനും അതിനുശേഷം ക്ലബ്ബ് വിടാനും മറ്റേത് ക്ലബ്ബിന് വേണ്ടി ഇനി കളിക്കണമെന്ന് തീരുമാനിക്കാനുള്ള എല്ലാവിധ അവകാശവും കിലിയൻ എംബപ്പേക്കുണ്ട്.ഇത് താരങ്ങളുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.പല താരങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. കോൺട്രാക്ട് ഉണ്ടായിരിക്കെ പല ആരാധകരും താരങ്ങളെ വിമർശിക്കുകയും ക്ലബ്ബിൽ നിന്ന് പുറത്തു പോകാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ട്.എന്നാൽ ഓരോ താരങ്ങൾക്കും കോൺട്രാക്ട് ഉള്ളിടത്തോളം കാലം ക്ലബ്ബിൽ തന്നെ തുടരാനുള്ള അവകാശമുണ്ട്.പിഎസ്ജിയും എംബപ്പേയും ചേർന്നു കൊണ്ടാണ് രണ്ടുവർഷത്തേക്ക് കരാർ പുതുക്കിയത്.എംബപ്പേ ആ കരാർ പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് തന്നെയാണ് നടക്കേണ്ടത് ” ഇതാണ് ഫിഫ് പ്രൊയുടെ ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്.

ഏതായാലും അധികം വൈകാതെ തന്നെ ഈ താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടിൽ ഒരാൾ അയഞ്ഞു നൽകിയില്ലെങ്കിൽ കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളായിരിക്കും ഇരുവരെയും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *