എംബപ്പേക്ക് ക്യാപ്റ്റൻ സ്ഥാനം നൽകാനൊരുങ്ങി പിഎസ്ജി!
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കുറഞ്ഞ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പക്ഷേ തന്റെ ഭാവിയെക്കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ എംബപ്പേ കൈ കൊണ്ടിട്ടില്ല.അദ്ദേഹം കരാർ പുതുക്കി കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ് വിട്ട് കൊണ്ട് റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകത്തിനറിയേണ്ടത്.
താരത്തിന്റെ കരാർ പുതുക്കാൻ ഉള്ള ശ്രമങ്ങൾ നേരത്തെ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.എന്നാൽ അവസാനമായി ഒരു ഓഫർ കൂടി താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.ഇക്കൂട്ടത്തിൽ ക്ലബ്ബിന്റെ ക്യാപ്റ്റൻ സ്ഥാനം എംബപ്പേക്ക് വാഗ്ദാനം ചെയ്യാനും പിഎസ്ജി ആലോചിക്കുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) April 5, 2022
നിലവിൽ മാർക്കിഞ്ഞോസാണ് പിഎസ്ജിയുടെ നായകൻ.2020 മുതൽ പിഎസ്ജിയെ നയിക്കുന്നത് മാർക്കിഞ്ഞോസാണ്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയലിനെതിരെ മോശം പ്രകടനമായിരുന്നു മാർക്കിഞ്ഞോസ് കാഴ്ച്ച വെച്ചത്.അത്കൊണ്ട് തന്നെ അദ്ദേഹത്തെ തൽ സ്ഥാനത്ത് നിന്നും നീക്കാൻ നേരത്തെ തന്നെ പിഎസ്ജി ആലോചിക്കുന്നുണ്ട്.ഈ ക്യാപ്റ്റൻ സ്ഥാനം എംബപ്പേയെ പിഎസ്ജിയിൽ തുടരാൻ വേണ്ടി പ്രേരിപ്പിക്കുമെന്നാണ് ക്ലബ് അധികൃതർ പ്രതീക്ഷിക്കുന്നത്.
തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല എന്നുള്ള കാര്യം കഴിഞ്ഞ ദിവസം എംബപ്പേ അറിയിച്ചിരുന്നു. ഒരുപാട് പുതിയ ഘടകങ്ങൾ ഉണ്ടെന്നും പിഎസ്ജിയിൽ തുടരാൻ സാധ്യത ഉണ്ടെന്നും എംബപ്പേ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.