എംബപ്പേക്ക് എന്താണ് സംഭവിക്കുന്നത്?

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് വിജയം നേടാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ റെന്നസിനെ പരാജയപ്പെടുത്തിയത്.ഹക്കീമി,വീറ്റിഞ്ഞ,കോലോ മുവാനി എന്നിവരായിരുന്നു ഈ മത്സരത്തിൽ ഗോളുകൾ കണ്ടെത്തിയിരുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞിരുന്നില്ല.

ഈ മത്സരത്തിൽ മാത്രമല്ല, ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലും എംബപ്പേ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. പരിക്കിൽ നിന്നും തിരിച്ചു വന്നതിനുശേഷം തന്റെ നിലവാരത്തിലേക്ക് ഉയരാൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മാത്രമല്ല കളിക്കളത്തിൽ പലപ്പോഴും അസ്വസ്ഥനായി കൊണ്ടാണ് എംബപ്പേയെ കാണാൻ സാധിക്കുന്നത്.

ഒരു ബുദ്ധിമുട്ടേറിയ തുടക്കം തന്നെയാണ് ഇപ്പോൾ എംബപ്പേക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വലിയ തോൽവി ഏറ്റുവാങ്ങിയതോടുകൂടി നിരവധി വിമർശനങ്ങളാണ് എംബപ്പേക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മുമ്പെങ്ങും കാണാത്ത വിധമുള്ള വിമർശനങ്ങൾ ഒറ്റയ്ക്ക് ഏറ്റുവാങ്ങേണ്ട ഒരു ഗതികേടിലാണ് എംബപ്പേയുള്ളത്.ഇതും അദ്ദേഹത്തെ മാനസികമായി തളർത്തിയിട്ടുണ്ട് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ പരിശീലകനായ ലൂയിസ് എൻറിക്കെ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി നിരന്തരം മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാലാണ് ഈ പ്രശ്നം എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ എംബപ്പേ തളർന്നുവെന്നും അധികം വൈകാതെ തന്നെ അദ്ദേഹം ഗോൾ നേടുമെന്നും പിഎസ്ജി പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

ലീഗ് വണ്ണിൽ 6 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ സമീപകാലത്തെ മത്സരങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല.അദ്ദേഹം ഉടൻതന്നെ തന്റെ യഥാർത്ഥ ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *