എംബപ്പേക്കായി അവസാന നിമിഷം ഓഫർ നൽകാൻ റയൽ,PSGയുടെ തീരുമാനം എന്തായിരിക്കും?

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോടൊപ്പം സീസൺ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി എംബപ്പേ ഒരു പെനാൽറ്റി ഗോൾ നേടിയിരുന്നു. അദ്ദേഹത്തെ ടീമിലേക്ക് തിരിച്ച് എടുത്തെങ്കിലും താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും പിഎസ്ജിക്ക് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.എന്തെന്നാൽ കോൺട്രാക്ട് പുതുക്കാനുള്ള യാതൊരുവിധ താൽപര്യങ്ങളും ഈ സൂപ്പർ താരം കാണിച്ചിട്ടില്ല.

ഈ സീസണിൽ പിഎസ്ജിയിൽ തന്നെ തുടർന്നുകൊണ്ട് അടുത്ത സീസണിൽ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് പോവുക എന്നുള്ളതാണ് എംബപ്പേയുടെ ഇപ്പോഴത്തെ പദ്ധതി. എന്നാൽ മുമ്പ് ചെയ്തതുപോലെ അദ്ദേഹത്തെ ഒരിക്കൽ കൂടി കൺവിൻസ് ചെയ്ത് താരത്തിന്റെ കരാർ പുതുക്കാനാവുമെന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നിരുന്നാലും അദ്ദേഹം കരാർ പുതുക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല.

അതുകൊണ്ടുതന്നെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ അവസാനത്തെ ഒരു ശ്രമം ഉടൻ തന്നെ നടത്തിയേക്കും. ഓഗസ്റ്റ് 29 നും സെപ്റ്റംബർ ഒന്നിനും ഇടയിൽ റയൽ മാഡ്രിഡ് ഒരു ഓഫർ നൽകാൻ തീരുമാനിച്ച് കഴിഞ്ഞു എന്നാണ് ബിൽഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.120 മില്യൺ യൂറോയായിരിക്കും അദ്ദേഹത്തിന് വേണ്ടി റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്യുക. പക്ഷേ പിഎസ്ജി ഈ ഓഫർ സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

150 മില്യൺ യൂറോ എങ്കിലും ലഭിക്കണം എന്ന നിലപാടാണ് നിലവിൽ പിഎസ്ജിക്കുള്ളത്. ഏതായാലും റയൽ മാഡ്രിഡ് അവസാന പരിശ്രമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.ഇവിടെ പിഎസ്ജിയുടെയും അതുപോലെതന്നെ കിലിയൻ എംബപ്പേയുടെയും തീരുമാനം വളരെ നിർണായകമാണ്.എംബപ്പേ കരാർ പുതുക്കാൻ തയ്യാറായിട്ടില്ലെങ്കിൽ അത് പിഎസ്ജിക്ക് വലിയ നഷ്ടം ഉണ്ടാക്കുന്ന ഒരു കാര്യമായിരിക്കും. അങ്ങനെയാണെങ്കിൽ പിഎസ്ജി റയലിന്റെ ഈ അവസാന ഓഫർ സ്വീകരിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *