ഉക്രൈൻ അഭയാർത്ഥികൾക്ക് സ്വന്തം വീട്ടിൽ ഇടമൊരുക്കി,കയ്യടി നേടി കെയ്‌ലർ നവാസ്!

ഫുട്ബോൾ ലോകത്ത് നിന്നും വളരെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഫലമായി നിരവധി കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടിരുന്നു. അത്തരത്തിലുള്ള 30 ഉക്രൈൻ അഭയാർത്ഥികൾക്ക് സ്വന്തം വീട്ടിൽ കിടക്കാനിടവും ഭക്ഷണവും നൽകിയിരിക്കുകയാണിപ്പോൾ പിഎസ്ജി സൂപ്പർ താരമായ കെയ്‌ലർ നവാസ്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോട്ടിനെ ഉദ്ധരിച്ചുകൊണ്ട് എല്ലാ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഴ്സലോണ നഗരത്തിന്റെ അടുത്ത് പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ജിപ്സീസ് ഉക്രൈൻ അഭയാർത്ഥികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി ക്രാക്കോവിൽ എത്തിച്ചേർന്നിരുന്നു. ഈ വാർത്ത അറിഞ്ഞ കെയ്‌ലർ നവാസ് അവിടെയുള്ള 30 അഭയാർഥികളെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.താരത്തിന്റെ വീട്ടിലെ സിനിമ റൂമിലാണ് മുപ്പത് പേർക്ക് കിടക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്.മാത്രമല്ല താരത്തിന്റെ ഭാര്യയായ ആൻഡ്രിയ ഉൾപ്പടെയുള്ളവരാണ് ഇവർക്ക് ഭക്ഷണം തയ്യാറാക്കുന്നത്.കൂടാതെ വസ്ത്രങ്ങളും കെയ്‌ലർ നവാസ് നൽകിയിട്ടുണ്ട്.

താരത്തിന്റെ ഈ പ്രവർത്തിക്ക് വലിയ രൂപത്തിലുള്ള പ്രശംസകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.നിലവിൽ കോസ്റ്റാറിക്കയുടെ ദേശീയ ടീമിനൊപ്പമാണ് കെയ്‌ലർ നവാസുള്ളത്. കഴിഞ്ഞ മത്സരത്തിൽ കാനഡയെ പരാജയപ്പെടുത്താൻ കോസ്റ്റാറിക്കക്ക് സാധിച്ചിരുന്നു.ഇനി എൽ സാൽവദോർ, അമേരിക്ക എന്നിവരാണ് കോസ്റ്റാറിക്കയുടെ എതിരാളികൾ. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് കോസ്റ്റാറിക്ക.നാലാം സ്ഥാനത്ത് തുടരുകയാണെങ്കിൽ വേൾഡ് കപ്പ് യോഗ്യത നേടാൻ കോസ്റ്റാറിക്കക്ക് പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *