ഈ സീസണിലെ ബാലൺഡി’ഓർ എംബപ്പേക്ക് നൽകണം : ഫ്രാൻസ് പരിശീലകൻ.

പതിവുപോലെ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ പുറത്തെടുത്തിട്ടുള്ളത്. ഈ സീസണിൽ ആകെ കളിച്ച 54 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് എംബപ്പേ നേടിയിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടി ആകെ കളിച്ച 43 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും 10 അസിസ്റ്റുകളും എംബപ്പേ നേടിയിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിന് വേണ്ടി 7 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകൾ നേടുകയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ലീഗ് വണ്ണിലെ ഗോൾഡൻ ബൂട്ടും എംബപ്പേ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഈ സീസണിൽ ഫ്രാൻസിനൊപ്പം രണ്ട് മത്സരങ്ങൾ കൂടി താരത്തിന് അവശേഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ സീസണിലെ ബാലൺഡി’ഓർ പുരസ്കാരം എംബപ്പേക്ക് നൽകണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷംപ്സ്.ടെലിഫൂട്ടിന്റെ ചോദ്യോത്തര വേളയിലാണ് ഫ്രാൻസ് പരിശീലകൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതായത് ഈ സീസണിലെ ബാലൺഡി’ഓർ പുരസ്കാരം എംബപ്പേ അർഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.അതേ എന്നാണ് ഫ്രഞ്ച് പരിശീലകൻ മറുപടി പറഞ്ഞിട്ടുള്ളത്.

പക്ഷേ ഇത്തവണ എംബപ്പേക്ക് ബാലൺഡി’ഓർ ലഭിക്കാൻ സാധ്യത കുറവാണ്. പ്രധാനമായും രണ്ട് താരങ്ങൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവരാണ് ബാലൺഡി’ഓർ പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. വേൾഡ് കപ്പ് ജേതാവായ ലയണൽ മെസ്സിക്ക് വെല്ലുവിളി ഉയർത്താൻ ഇപ്പോൾ ഹാലന്റിന് സാധിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം കൂടി മാഞ്ചസ്റ്റർ സിറ്റി നേടിയാൽ ഹാലന്റും മെസ്സിയും തമ്മിലുള്ള പോരാട്ടം അതിന്റെ ഉന്നതിയിലായിരിക്കും.

മികച്ച രീതിയിൽ ഈ സീസൺ അവസാനിപ്പിക്കാനായിരിക്കും എംബപ്പേ ശ്രമിക്കുക. ഈ മാസം രണ്ട് യൂറോ യോഗ്യത മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്.ജിബ്രാൾട്ടർ,ഗ്രീസ് എന്നിവരാണ് ഫ്രാൻസിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *