ഇവനൊരു വായാടിയാണ് : തന്നെ വിമർശിച്ച മുനിയറിന് മറുപടിയുമായി നെയ്മർ ജൂനിയർ!

2016 ലായിരുന്നു ബെൽജിയൻ പ്രതിരോധനിരതാരമായ തോമസ് മുനിയർ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തിയിരുന്നത്. പിന്നീട് തൊട്ടടുത്ത വർഷം സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ എത്തി. തുടർന്ന് 3 വർഷക്കാലമാണ് മുനിയറും നെയ്മറും സഹതാരങ്ങളായി കൊണ്ട് പിഎസ്ജിയിൽ തുടർന്നിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മുനിയർ നെയ്മർ ജൂനിയറെ വിമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” നെയ്മർ ഇപ്പോഴും ബാഴ്സലോണയിൽ കളിക്കുകയായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ ആകുമായിരുന്നു എന്നുള്ളത് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. പക്ഷേ എന്റെ കാഴ്ചപ്പാടിൽ ഇപ്പോൾ പിഎസ്ജിയിൽ അദ്ദേഹത്തിന് തന്റെ മാന്ത്രികത നഷ്ടമായിട്ടുണ്ട് ” ഇതാണ് തോമസ് മുനിയർ പറഞ്ഞിരുന്നത്.

എന്നാൽ നെയ്മർ ജൂനിയർ ഇപ്പോൾ ഇതിനോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ” ഈ ചെക്കൻ വലിയൊരു വായാടിയാണ് ” എന്നാണ് നെയ്മർ കുറിച്ചിട്ടുള്ളത്.തോമസ് മുനിയർ ഒരു നിയന്ത്രണവും ഇല്ലാതെ സംസാരിക്കുന്നു എന്നാണ് നെയ്മർ ഉദ്ദേശിച്ചിട്ടുള്ളത്. കൂടാതെ ചിരിക്കുന്ന ഇമോജിയും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏതായാലും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു നെയ്മർ കരസ്ഥമാക്കിയിരുന്നത്. എന്നാൽ നെയ്മർ നേടിയ പെനാൽറ്റിയിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. പക്ഷേ നെയ്മർ ജൂനിയർ തന്നെ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അത് പെനാൽറ്റിയാണ് എന്നുള്ളതിന്റെ തെളിവുകൾ അടക്കം പുറത്തുവിട്ടു കൊണ്ടായിരുന്നു നെയ്മർ പ്രതികരണം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *