ഇപ്പോൾ തന്നെ ആ താരം പിഎസ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി : മാർക്കിഞ്ഞോസ്

ഈ സീസണിലും മിന്നും ഫോമിലാണ് കിലിയൻ എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്. പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എംബപ്പേയാണ്. പല മത്സരങ്ങളിലും എംബപ്പേയുടെ ഗോളുകൾ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തിരുന്നു.

ഏതായാലും എംബപ്പേയെ പ്രശംസിച്ചുകൊണ്ട് പിഎസ്ജി നായകനായ മാർക്കിഞ്ഞോസ് രംഗത്തുവന്നിട്ടുണ്ട്.ഇപ്പോൾ തന്നെ എംബപ്പേ പിഎസ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർക്കിഞ്ഞോസ് പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർക്കിഞ്ഞോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ തന്നെ എംബപ്പേ പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞു. അദ്ദേഹത്തിന്റെ കരാർ അവസാനിക്കാൻ പോവുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ സമയത്താണ് നിലവിൽ അദ്ദേഹമുള്ളത്. പക്ഷേ അതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്.ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരമാണ് എംബപ്പേയെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹമത് ഓരോ സമയവും തെളിയിക്കുന്നുമുണ്ട്.എംബപ്പേയുടെ തീരുമാനം എന്താണ് എന്നുള്ളത് എനിക്കറിയില്ല.ഈ സീസണിലെ ലക്ഷ്യങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനുശേഷം ഇതിനെക്കുറിച്ച് ചിന്തിക്കും ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞത്.

വരുന്ന റയലിനെതിരെയുള്ള മത്സരത്തിൽ എംബപ്പേ നിർണായക സാന്നിധ്യമാകുമെന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *