ഇന്ന് ആരൊക്കെ കളിക്കും? ആരൊക്കെ കളിക്കില്ല? പിഎസ്ജി പരിശീലകൻ പറയുന്നു !

ലീഗ് വണ്ണിലെ എട്ടാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജി ഇന്നിറങ്ങുന്നുണ്ട്. സ്വന്തം മൈതാനമായ പാർക്ക് ഡി പ്രിൻസസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡിജോണാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം നടക്കുക. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ തോൽവിയുടെ ക്ഷീണം തീർക്കാനാണ് പിഎസ്ജി ഇന്ന് കളത്തിലേക്കിറങ്ങുക. അതേസമയം സൂപ്പർ താരങ്ങളായ പ്രിസണൽ കിപ്പമ്പേ, കിലിയൻ എംബാപ്പെ, കെയ്‌ലർ നവാസ് എന്നിവർക്ക് വിശ്രമം അനുവദിക്കാൻ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ടുഷേൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ് പിഎസ്ജി. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനഞ്ചു പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുള്ള ലില്ലെയാണ് പട്ടികയിൽ ഒന്നാമത്.

” മാർക്കിഞ്ഞോസും ജൂലിയൻ ഡ്രാക്സ്ലറും ഇന്ന് ഞങ്ങളോടൊപ്പം പരിശീലനം നടത്തിയിരുന്നു. ഇവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് പറയാനാവില്ല. മാർക്കോ വെറാറ്റി, ലിയാൻഡ്രോ പരേഡസ്, മൗറോ ഇകാർഡി, തിലോ കെഹ്റർ, ഇദ്രിസെ ഗയെ എന്നിവർക്ക് ഡിജോണിനെതിരെയുള്ള മത്സരം നഷ്ടമാവും. ലായ്വിൻ കുർസാവ, എയ്ഞ്ചൽ ഡി മരിയ എന്നിവർ സസ്പെൻഷനിൽ തന്നെയാണ്. കെയ്‌ലർ നവാസ്, അലെസ്സാൻഡ്രോ ഫ്ലോറെൻസി, ജെസേ എന്നിവരെ കളിപ്പിക്കുന്ന കാര്യം സംശയത്തിലാണ്. ഇവർക്ക് പരിക്കൊന്നുമില്ല. കിലിയൻ എംബാപ്പെ, പ്രിസനൽ കിപ്പമ്പേ എന്നിവരെ ഇന്ന് ബെഞ്ചിലിരുത്താൻ ആലോചിക്കുന്നുണ്ട്. കാരണം അവർ ഒരുപാട് മത്സരങ്ങൾ ഈയിടെയായി കളിച്ചു. ഞങ്ങൾ ഒരിക്കലും താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കില്ല. കാരണം അതിനുള്ള സമയമായിട്ടില്ല. ഞങ്ങൾ ഫിസിയോകളോടും ഡോക്ടർമാരോടും താരങ്ങളോടും സംസാരിച്ചതിന് ശേഷമാണ് തീരുമാനങ്ങൾ കൈകൊള്ളുക ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *