ഇത് ഗെയിമല്ല,പ്രൊഫഷണൽ ഫുട്ബോളാണ് : സാംപോളിയെ വിമർശിച്ച് പോച്ചെട്ടിനോ

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്താൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോളുകൾ നേടിയത്.

ഏതായാലും ഈ മത്സരത്തിനിടയിൽ മാഴ്സെയുടെ അർജന്റൈൻ പരിശീലകനായ സാംപോളി പലപ്പോഴും വലിയ രൂപത്തിൽ താരങ്ങളോട് ആക്രോശിക്കുന്നത് കാണാമായിരുന്നു. വളരെ തീക്ഷ്ണമായ രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എന്നാൽ ഇതിനെതിരെ പിഎസ്ജിയുടെ അർജന്റൈൻ പരിശീലകനായ പോച്ചെട്ടിനോ രംഗത്തുവന്നിട്ടുണ്ട്. താരങ്ങളെ ഇത് നെഗറ്റീവായി ബാധിക്കുമെന്നാണ് പോച്ചെട്ടിനോ സാംപോളിയെ ഉപദേശിച്ചിട്ടുള്ളത്.ഇവിടെ പ്ലേസ്റ്റേഷൻ ഗെയിമല്ല കളിക്കുന്നതെന്നും മറിച്ച് പ്രൊഫഷണൽ ഫുട്ബോളാണെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു പരിശീലകൻ തന്റെ ടെക്നിക്കൽ ഏരിയയിൽ നിന്ന് ചാടുകയോ ഉച്ചത്തിൽ അലറുകയോ ചെയ്യേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. യഥാർത്ഥത്തിൽ അത് താരങ്ങളെ വിപരീതമായി ബാധിക്കുകയാണ് ചെയ്യുക. എന്ത് ചെയ്യണമെന്ന് താരങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ടെങ്കിൽ അത് പരിശീലകർക്കും സ്റ്റാഫിനും മനസ്സമാധാനമാണ് നൽകുക. ഒരു കൺട്രോൾ പാഡുമായി ഞാൻ ഫുട്ബോൾ കളിക്കാറില്ല. പല ആളുകളും പ്ലേസ്റ്റേഷൻ ഗെയിമിൽ പരിശീലകനായി കൊണ്ട് ഫുട്ബോൾ കളിക്കാറുണ്ട്. പക്ഷേ ഇവിടെ നമ്മൾ ഗെയിമല്ല കളിക്കുന്നത്. മറിച്ച് പ്രൊഫഷണൽ ഫുട്ബോളാണ് ” ഇതാണ് പോച്ചെട്ടിനൊ പറഞ്ഞിട്ടുള്ളത്.

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.ആങ്കേഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ. സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും പിഎസ്ജിക്ക് വേണ്ടി ഇന്ന് കളിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *