ഇതുവരെ കണ്ട മെസ്സിയെയായിരിക്കില്ല ഇനി കാണുക : ഖലീഫി!
കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമായ ഒരു കാര്യമാണ്. പലപ്പോഴും ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്. ആകെ കളിച്ചാൽ 26 ലീഗ് വൺ മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.പക്ഷെ 14 അസിസ്റ്റുകൾ മെസ്സി കരസ്ഥമാക്കുകയും ചെയ്തിരുന്നു.
എന്നാൽ മെസ്സിയുടെ കാര്യത്തിൽ ക്ലബ്ബിന്റെ പ്രസിഡന്റായ നാസർ അൽ ഖലീഫി ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ സീസൺ മെസ്സിക്ക് എളുപ്പമായിരുന്നില്ലെന്നും എന്നാൽ അടുത്ത സീസണിൽ മെസ്സിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് വേർഷനെ കാണാമെന്നുമാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 23, 2022
” ലയണൽ മെസ്സിയുടെ പ്രതിഭയുടെ കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ ഇപ്പോൾ കഴിഞ്ഞു പോയത് അദ്ദേഹത്തിന്റെ മികച്ച സീസൺ അല്ലായിരുന്നു. എന്നാൽ ഇരുപതോളം വർഷം ബാഴ്സയിൽ ചിലവഴിച്ചതിനു ശേഷമാണ് അദ്ദേഹം പുതിയ രാജ്യത്തേക്കും പുതിയ ക്ലബ്ബിലേക്കും പുതിയ ലീഗിലേക്കുമൊക്കെ വരുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇതൊക്കെ പുതിയ അനുഭവമാണ്. മാത്രമല്ല കോവിഡും മെസ്സിയെ വേട്ടയാടി. അതുകൊണ്ടുതന്നെ കഴിഞ്ഞ സീസൺ മെസ്സിയെ സംബന്ധിച്ചെടുത്തോളം എളുപ്പമായിരുന്നില്ല. പക്ഷേ അടുത്ത സീസണിൽ മെസ്സിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് വേർഷനെ നമുക്ക് കാണാൻ സാധിക്കും ” ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇറ്റലിക്കെതിരെ 2 അസിസ്റ്റുകൾ നേടിയ മെസ്സി എസ്റ്റോണിയക്കെതിരെ അഞ്ച് ഗോളുകളായിരുന്നു നേടിയിരുന്നത്.