ആ രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് കരാർ പുതുക്കിയത് : എംബപ്പേ തുറന്ന് പറയുന്നു!
വലിയ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു.2025 വരെയുള്ള ഒരു പുതിയ കരാറിലായിരുന്നു എംബപ്പേ ഒപ്പ് വെച്ചത്. താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയ തിരിച്ചടിയേൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.
ഏതായാലും നിലവിൽ പിഎസ്ജിയിലെ തന്റെ രണ്ട് ലക്ഷ്യങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് എംബപ്പേ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും പിഎസ്ജിയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനാവുകയുമാണ് തന്റെ ലക്ഷ്യമെന്നാണ് എംബപ്പേ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 25, 2022
” യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക,പിഎസ്ജിയുടെ ഓൾ ടൈം ടോപ് സ്കോററായി മാറുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തിനാണ് ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാമ്പ്യൻസ് ലീഗിനെ പറ്റി കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. ഞങ്ങൾക്ക് അത് നേടേണ്ടതുണ്ട്. അതിനുള്ള വഴിയും ഞങ്ങളുടെ മുന്നിലുണ്ട്.പിഎസ്ജിയുടെ ടോപ് സ്കോററാവുക എന്നുള്ളതിനെയും ഞാൻ ഇഷ്ടപ്പെടുന്നു. ഇതേ രൂപത്തിൽ തുടരുകയാണെങ്കിൽ ആ ലക്ഷ്യം എനിക്ക് കൈവരിക്കാൻ കഴിയുമെന്നും അത് പ്രശ്നമാവില്ലെന്നും ഞാൻ കരുതുന്നു. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇനി ഞങ്ങൾക്ക് ചിലതൊക്കെ വെട്ടിപ്പിടിക്കേണ്ടതുണ്ട് ” ഇതാണ് കിലിയൻ എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇതുവരെ ഒരൊറ്റ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. മാത്രമല്ല നിലവിൽ പിഎസ്ജിയുടെ ടോപ് സ്കോറർ എഡിൻസൺ കവാനിയാണ്.31 ഗോളുകൾ നേടി കഴിഞ്ഞാൽ എംബപ്പേക്ക് ഈയൊരു റെക്കോർഡ് തന്റെ സ്വന്തം പേരിൽ കുറിക്കാൻ സാധിക്കും.