ആളുകൾ എന്നെ തെറ്റിദ്ധരിച്ചു : വേൾഡ് കപ്പ് പ്രസ്താവനയെ വിശദീകരിച്ച് നെയ്മർ ജൂനിയർ!

ഈയിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ നടത്തിയ ഒരു പ്രസ്താവന ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് ഒരുപക്ഷെ തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നാണ് നെയ്മർ അറിയിച്ചിരുന്നത്. മാനസികമായ കരുത്തിന്റെ കാര്യത്തിലായിരുന്നു നെയ്മർ ജൂനിയർ സംശയം പ്രകടിപ്പിച്ചിരുന്നത്. അത്കൊണ്ട് തന്നെ ഈ പ്രസ്താവന വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഈ പ്രസ്താവനക്ക്‌ കൂടുതൽ വിശദീകരണങ്ങളുമായി നെയ്മർ ജൂനിയർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് തന്റെ വാക്കുകളെ ആളുകൾ തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് മനസ്സിലാക്കിയത് എന്നാണ് നെയ്മർ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം റെഡ് ബുള്ളിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ പറഞ്ഞ കാര്യം ആളുകൾ തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് ആളുകൾ മനസിലാക്കിയത്.ഈ വേൾഡ് കപ്പ് ഒരുപക്ഷെ എന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കുമെന്നുള്ളത് ഞാൻ പറഞ്ഞിട്ടുണ്ട്. സാധ്യമായ ഏറ്റവും നല്ല രൂപത്തിൽ അത് ചർച്ച ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നു.എനിക്ക് അടുത്ത ദിവസം മത്സരമുണ്ടെങ്കിൽ എന്റെ എല്ലാ തയ്യാറെടുപ്പുകളും 100 % പൂർണ്ണമാവാൻ ഞാൻ ആഗ്രഹിക്കുന്നു.നാളെ ഒരു മത്സരമുണ്ടെങ്കിൽ, അത് അവസാനത്തെ മത്സരം പോലെയാണ് ഞാൻ എപ്പോഴും അതിനെ സമീപിക്കാറുള്ളത്.അത്പോലെ തന്നെയാണ് വരാനിരിക്കുന്ന വേൾഡ് കപ്പും. അതും എനിക്ക് അവസാനത്തെ വേൾഡ് കപ്പായി അനുഭവപ്പെടുന്നു.കാരണം നാളെ എന്ത്‌ സംഭവിക്കുമെന്ന് എനിക്കറിയില്ല.ഞാൻ ആ പ്രസ്താവന നടത്തിയപ്പോൾ, ഫുട്ബോൾ അവസാനിപ്പിച്ച് ദേശീയ ടീമിൽ നിന്നും പുറത്ത് പോവാൻ പല ആളുകളും എന്നോട് ആവിശ്യപ്പെട്ടു.കാരണം എന്റെ വാക്കുകളെ പലരും തെറ്റിധരിക്കുകയാണ് ചെയ്തത്.അവസാനത്തേത് പോലെയുള്ള ഒരു മാനസികാവസ്ഥയായിരുന്നു എനിക്കുണ്ടായിരുന്നത്. അത് പുറത്ത് പറയാൻ ഞാൻ ആഗ്രഹിച്ചു.എന്ത്‌കൊണ്ടാണ് എന്ന് ചോദിച്ചാൽ,കാര്യങ്ങൾ എങ്ങനെ മാറിമറിയുമെന്ന് നിങ്ങൾക്ക്‌ ഒരിക്കലും അറിയാത്തത് കൊണ്ട് ” നെയ്മർ പറഞ്ഞു.

ഏതായാലും താരത്തിന്റെ ആരാധകർക്ക്‌ ആശ്വാസം നൽകുന്നതാണ് ഈ വാക്കുകൾ. അവസാന വേൾഡ് കപ്പ് പോലെയുള്ള തയ്യാറെടുപ്പിനാണ് നിലവിൽ നെയ്മർ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *