ആരാധകർക്ക്‌ സന്തോഷവാർത്ത, നെയ്മർ ജൂനിയർ മടങ്ങിയെത്തുന്നു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ആർബി ലീപ്സിഗിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിച്ചിരുന്നില്ല. ഗ്രോയിൻ ഇഞ്ചുറി മൂലമായിരുന്നു താരത്തിന് മത്സരം നഷ്ടമായിരുന്നത്.

എന്നാൽ നാളെ ലീഗ് വണ്ണിൽ മാഴ്സെക്കെതിരെ നടക്കുന്ന മത്സരത്തിൽ നെയ്മർ ജൂനിയർ കളിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ നെയ്മർ പങ്കെടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ മാഴ്സെക്കെതിരെ നെയ്മർക്ക്‌ കളത്തിൽ ഇറങ്ങാനാവുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ മെസ്സി, നെയ്മർ, എംബപ്പേ ത്രയത്തെ ഒരിക്കൽ കൂടി കാണാൻ സാധിച്ചേക്കും. പക്ഷെ അവസാനമായി MNM ത്രയം ഇറങ്ങിയ മത്സരത്തിൽ റെന്നസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പിഎസ്ജി പരാജയപ്പെടുകയായിരുന്നു.

നാളെ ഒളിമ്പിക് മാഴ്സെയാണ് പിഎസ്ജി നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:15-ന് മാഴ്സെയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.നിലവിൽ ലീഗ് വണ്ണിൽ 10 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള പിഎസ്ജി ഒന്നാമതാണ്. അതേസമയം 10 പോയിന്റുകൾ കുറവുള്ള മാഴ്സെ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *