അവർ പടിയിറങ്ങുന്നു, കവാനിയും സിൽവയും പിഎസ്ജിയിൽ നിന്ന് പുറത്തേക്ക്

ഏഴെട്ട് വർഷക്കാലം പിഎസ്ജിയുടെ കുന്തമുനകളായി നിലകൊണ്ട എഡിൻസൺ കവാനിയിൽ തിയാഗോ സിൽവയും ഇനി പിഎസ്ജിയിൽ ഉണ്ടാവില്ല. ഈ സീസണോടെ ഇരുതാരങ്ങളെയും തങ്ങൾ കയ്യൊഴിയുകയാണെന്നത് പിഎസ്ജി തന്നെയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. പിഎസ്ജി ലിയനാർഡോയാണ് ഇരുതാരങ്ങളെയും ഈ സമ്മർ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റുകളായി ക്ലബ് കയ്യൊഴിയുമെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് വരെ ഇരുതാരങ്ങൾക്കും ക്ലബിൽ തുടരാനും ചാമ്പ്യൻസ് ലീഗ് കളിക്കാനും പിഎസ്ജി അനുവാദം നൽകിയിട്ടുണ്ട്. രണ്ട് താരങ്ങളുടെയും കരാർ ഈ സീസണോടെ അവസാനിക്കും. അടുത്ത സീസണിൽ ഇരുതാരങ്ങളും മറ്റൊരു ക്ലബിൽ പന്തുതട്ടിയേക്കും. മുപ്പത്തിയഞ്ചുകാരനായ സിൽവ 2012-ലാണ് എസി മിലാനിൽ നിന്നും ഇബ്രാഹിമോവിച്ചിനോടൊപ്പം പിഎസ്ജിയിലേക്കെത്തുന്നത്. എട്ട് വർഷക്കാലം ക്ലബിന്റെ പ്രതിരോധനിരയിൽ കരുത്തനായി നിലകൊണ്ട ശേഷമാണ് താരം പടിയിറങ്ങുന്നത്. മുപ്പത്തിമൂന്നുകാരനായ കവാനി നാപോളിയിൽ 64 മില്യൺ യുറോക്ക് 2013-ലായിരുന്നു ക്ലബിലെത്തിയത്. ഏഴ് വർഷക്കാലം മുന്നേറ്റനിരയിൽ സ്ഥിരസാന്നിധ്യമായിരുന്നു താരം. നെയ്മറും എംബാപ്പെയും ടീമിലെത്തുന്നതിന് മുൻപേ താരം ഒട്ടേറെ മത്സരങ്ങളിൽ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിരുന്നു.

” അത് സത്യമാണ്. ഞങ്ങളോടൊപ്പമുള്ള ഇരുവരുടെയും യാത്ര അന്ത്യത്തിലെത്തിയിരിക്കുന്നു. ഓഗസ്റ്റ് വരെ രണ്ട് താരങ്ങളെയും നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്തെന്നാൽ അവർക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാനാവും ” ലിയനാർഡോ ലെ ജേണൽ ടു ഡിമാൻശേ ന്യൂസ്‌പേപ്പറിനോട് പറഞ്ഞു. പിഎസ്ജി വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്കോ ഇന്റർമിലാനിലേക്കോ ആയിരിക്കും കവാനി ചേക്കേറുക. എന്നാൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അതേ സമയം തിയാഗോ സിൽവ എസി മിലാനിലേക്ക് കൂടുമാറും എന്ന അഭ്യൂഹങ്ങളുണ്ട്. ഏതായാലും ഇരുവരെയും ഇനി പിഎസ്ജി ജേഴ്‌സിയിൽ കാണാനായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *