അംഗീകരിക്കാനാവാത്തത്, ചാമ്പ്യൻസ് ലീഗിലെ തോൽവി ഇപ്പോഴും വേട്ടയാടുന്നു : പോച്ചെട്ടിനോ
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി മൊണാക്കോക്ക് മുന്നിൽ തകർന്നടിഞ്ഞത്. സൂപ്പർതാരങ്ങളായ നെയ്മറും എംബപ്പേയുമൊക്കെ കളിച്ചിരുന്നുവെങ്കിലും ഒന്നും ചെയ്യാനാവാതെ പോവുകയായിരുന്നു. സമീപകാലത്ത് മോശം പ്രകടനമാണ് പിഎസ്ജി കാഴ്ച്ചവെക്കുന്നത്.
ഏതായാലും ഈ തോൽവിയിലുള്ള നിരാശ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്. കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിലെ തോൽവി ഇപ്പോഴും ടീമിനെ വേട്ടയാടുന്നുവെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 21, 2022
” മത്സരം ഞങ്ങൾ തുടങ്ങിയ രീതിയിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്. ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഈ രൂപത്തിലൊരിക്കലും മത്സരം ആരംഭിക്കാൻ പാടില്ല. ആദ്യപകുതി മോശമായിരുന്നു. രണ്ടാംപകുതിയിൽ ഒരല്പം മെച്ചപ്പെട്ടു. പക്ഷേ ആദ്യ പകുതിയാണ് വിനയായത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ സംഭവിച്ചതെന്താണോ അത് ഞങ്ങളെ നന്നായി വേട്ടയാടുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഫ്രീയാവാൻ ഞങ്ങൾക്ക് ഒരു ബ്രേക്ക് ആവശ്യമാണ്. ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്ക് ഞങ്ങളുടെ മെന്റാലിറ്റി ശരിയാക്കാനും തിരിച്ചുവരാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ജേഴ്‌സിയുടെ ഉത്തരവാദിത്തം മനസ്സിലാക്കിക്കൊണ്ട് ഞങ്ങൾ തിരിച്ചു വരേണ്ടതുണ്ട് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
അവസാനമായി PSG കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെടുകയായിരുന്നു.അത്കൊണ്ട് തന്നെ പോച്ചെട്ടിനോയെ പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.