നെയ്മറുടെ ആരോപണം, മറുപടിയുമായി മാഴ്സെ പരിശീലകനും അൽവാരോ ഗോൺസാലസും !

ഇന്നലെ നടന്ന പിഎസ്ജി vs മാഴ്സെ മത്സരം നാടകീയസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തീർത്തും കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് അഞ്ച് റെഡ് കാർഡുകളും പതിനാലു യെല്ലോ കാർഡുകളുമാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. സൂപ്പർ താരം നെയ്മർ ജൂനിയർക്കും റെഡ് കാർഡ് ലഭിച്ചിരുന്നു. മത്സരശേഷം ഗുരുതരആരോപണവുമായിട്ടാണ് സൂപ്പർ താരം നെയ്മർ ജൂനിയർ രംഗത്ത് വന്നത്. തനിക്ക് എതിർ താരത്തിൽ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടി വന്നു എന്നാണ് നെയ്മർ ആരോപിച്ചത്. ഈ ആരോപണത്തെ ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് ലീഗ് വൺ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നെ കുരങ്ങനെന്നും മോശമായ രീതിയിൽ തെറി വിളിച്ചതും നിങ്ങൾ കണ്ടില്ല എന്നാണ് നെയ്മർ ആരോപിച്ചത്. ഇപ്പോഴിതാ നെയ്മറുടെ ആരോപണങ്ങളോട് പ്രതികരണമറിയിച്ചിരിക്കുകയാണ് ആരോപണവിധേയനായ അൽവാരോ ഗോൺസാലസും മാഴ്സെ പരിശീലകൻ വില്ലാസ് ബോസും. രണ്ട് പേരും റേസിസത്തിന് ഇടമില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. തന്റെ ഭാഗത്തു നിന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നാണ് അൽവാരോ ഗോൺസാലസ് പറയുന്നത്.

” റേസിസത്തിന് ഒരു ഇടവുമില്ല. എന്റെ കരിയർ ക്ലീനായ ഒരു കരിയറാണ്. ഞാൻ ഇത്പോലെയുള്ള ഒരുപാട് സുഹൃത്തുക്കളുമായും സഹതാരങ്ങളുമായും ദൈനംദിനം ഇടപഴകാറുണ്ട്. ചില സമയങ്ങളിൽ നിങ്ങൾ തോൽവി അംഗീകരിക്കാനും അത്‌ കളത്തിൽ വെച്ച് കൊണ്ട് തന്നെ സമ്മതിക്കാനും പഠിക്കേണ്ടിയിരിക്കുന്നു.വിലയേറിയ മൂന്ന് പോയിന്റുകളാണ് ഇന്ന് ഞങ്ങൾ കരസ്ഥമാക്കിയത് ” നെയ്മറുടെ ആരോപണത്തിന് മറുപടിയായി വിധേയനായ അൽവാരോ ഗോൺസാലസ് പറഞ്ഞു. ” എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്‍ബോളിൽ റേസിസത്തിന് ഒരിടവുമില്ല. ഇത് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത് ഗുരുതരമായ പിഴവാണ്. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ഞാൻ കരുതുന്നത് ” മാഴ്സെയുടെ പരിശീലകനായ വില്ലാസ് ബോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *