VAR സംവിധാനം എപ്പോഴും ഒരേ ടീമിന് അനുകൂലമാവുന്നുവെന്ന് ബാഴ്സ പ്രസിഡന്റ്‌

ലാലിഗയിലെ VAR സംവിധാനത്തിനെതിരെ വിമർശനവുമായി ബാർസ പ്രസിഡന്റ്‌ ജോസെഫ് മരിയ ബർതോമ്യൂ. ഇന്നലെ റയൽ മാഡ്രിഡ്‌ – അത്ലറ്റികോ ബിൽബാവോ മത്സരത്തിലെ ചില സംഭവവികാസങ്ങളെ ലക്ഷ്യം വെച്ചാണ് അദ്ദേഹം VAR സംവിധാനത്തെ കുറ്റപ്പെടുത്തിയത്. എപ്പോഴും ഒരേ ടീമിനാണ് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റയൽ മാഡ്രിഡിനെ പേരെടുത്തു പരാമർശിച്ചിട്ടില്ലെങ്കിലും അദ്ദേഹം ലക്ഷ്യം വെച്ചത് റയൽ മാഡ്രിഡിനെയാണ് എന്നത് വ്യക്തമാണ്. ചില മത്സരങ്ങളിൽ സംവിധാനം തീരെ ഉപയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഇന്നലെ മൂവിസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയനും VAR റഫറിയിങ്ങിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

” എല്ലാവർക്കും ആവിശ്യമുള്ള തോതിൽ അല്ല VAR ലഭ്യമാവുന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള പല മത്സരങ്ങളിലും ഈ സംവിധാനം വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല. പലപ്പോഴും ഒരേ ടീമിന് തന്നെയാണ് ഇതിന്റെ ഗുണങ്ങൾ ലഭിച്ചു കൊണ്ടിരുന്നത്. പല ടീമുകൾക്കും നിർഭാഗ്യമായിരുന്നു. തീർച്ചയായും VAR റഫറിമാരെ സഹായിക്കുന്നു എന്ന കാര്യം അംഗീകരിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ കാര്യങ്ങൾ എടുത്തു പരിശോധിച്ച് നോക്കിയാൽ, VAR നല്ല രീതിയിൽ അല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് ഏതൊരാൾക്കും വ്യക്തമാണ്. ” ബർതോമ്യൂ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *