റൊണാൾഡീഞ്ഞോ കാരണമാണ് ബാഴ്സലോണയിൽ എത്തിയത്: ഗുണ്ടോഗൻ പറയുന്നു.

സൂപ്പർ താരം ഇൽകെയ് ഗുണ്ടോഗൻ ഇനിമുതൽ എഫ്സി ബാഴ്സലോണയുടെ താരമാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ബാഴ്സലോണയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഈ ജർമൻ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ക്ലബ്ബിനൊപ്പം സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഏതായാലും എഫ്സി ബാഴ്സലോണയെ ഇഷ്ടപ്പെടാനും ക്ലബ്ബിലേക്ക് വരാനുമുള്ള കാരണങ്ങൾ ഗുണ്ടോഗൻ തുറന്നു പറഞ്ഞിട്ടുണ്ട്.റൊണാൾഡീഞ്ഞോയും അദ്ദേഹത്തിന്റെ പ്രകടനവും തന്നെ വല്ലാതെ സ്വാധീനിച്ചു എന്നാണ് ഗുണ്ടോഗൻ പറഞ്ഞിട്ടുള്ളത്. കൂടാതെ ബാഴ്സയുടെ മധ്യനിരയിലെ ഇതിഹാസ കൂട്ടുകെട്ടായിരുന്ന സാവി,ഇനിയേസ്റ്റ,ബുസ്ക്കെറ്റ്സ് എന്നീ ത്രയത്തെയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.ഗുണ്ടോഗന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സാന്റിയാഗോ ബെർണാബുവിൽ റൊണാൾഡീഞ്ഞോ നടത്തിയ ആ പ്രകടനം ഞാൻ കണ്ടിരുന്നു. ഞാനൊരിക്കലും അത് മറക്കില്ല.റയൽ ആരാധകർ അദ്ദേഹത്തിന് വേണ്ടി കൈയടിച്ചു.ഞാനത് വളരെയധികം ആസ്വദിച്ചിരുന്നു.റൊണാൾഡീഞ്ഞോയും ബാക്കിയുള്ള താരങ്ങളും മികച്ച പ്രകടനമായിരുന്നു അന്ന് നടത്തിയിരുന്നത്.എനിക്ക് ഓർമ്മയുള്ള പ്രധാനപ്പെട്ട കാര്യം അതാണ്. അതെന്നെ വല്ലാതെ സ്വാധീനിച്ചു. മാത്രമല്ല സാവിയും ഇനിയേസ്റ്റയും ബുസ്ക്കെറ്റ്സും ചേർന്നുകൊണ്ട് കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.ആ മിഡ്ഫീൽഡായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ചത്. അവരിൽ നിന്നായിരുന്നു ഞാൻ പഠിച്ചിരുന്നത് ” ഇതാണ് ഗുണ്ടോഗൻ പറഞ്ഞിട്ടുള്ളത്.

2016 മുതൽ 2023 വരെയാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചത്.304 മത്സരങ്ങളിൽ നിന്ന് 60 ഗോളുകൾ ഈ സൂപ്പർ താരം നേടിയിട്ടുണ്ട്.ഗുണ്ടോഗന്റെ സാന്നിധ്യം തീർച്ചയായും എഫ്സി ബാഴ്സലോണക്ക് ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *