പരിശീലകനെ മാത്രം മാറ്റിയത് കൊണ്ട് ബാഴ്സ ശരിയാവുമെന്ന് വിചാരിക്കേണ്ടെന്ന് വെങ്ങർ !

എഫ്സി ബാഴ്സലോണയിൽ പരിശീലകനെ മാത്രം മാറ്റിയത് കൊണ്ട് ടീം ശരിയാവുമെന്ന് വിചാരിക്കേണ്ടെന്ന് മുൻ ഇതിഹാസപരിശീലകൻ ആഴ്‌സെൻ വെങ്ങർ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എഫ്സി ബാഴ്സലോണയെ കുറിച്ച് മനസ്സ് തുറന്നത്. ബാഴ്സയുടെ അനതിസാധാരണമായ തലമുറയുടെ അവസാനം പോലെയാണ് എനിക്കിത് തോന്നുന്നത് എന്നാണ് അദ്ദേഹം അറിയിച്ചത്. ബാഴ്സയുടെ സുവർണ്ണകാലഘട്ടം അന്ത്യത്തിലേക്ക്‌ അടുത്തിരിക്കുന്നു എന്നാണ് ഇദ്ദേഹം അറിയിച്ചത്. ക്ലബിൽ പരിശീലകൻ മാത്രമല്ല പ്രശ്നമെന്നും മറ്റു പല കാര്യങ്ങളിലും പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ 8-2 ന്റെ തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ വലിയ സംഭവവികാസങ്ങൾ ആയിരുന്നു ബാഴ്സയിൽ നടന്നത്. സെറ്റിയനെയും അബിദാലിനെയും ബാഴ്സ പുറത്താക്കി പകരക്കാരെ നിയമിച്ചെങ്കിലും മെസ്സി ക്ലബ് വിടുമെന്നുള്ള വാർത്തകൾക്ക് അറുതി വരുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

“പരിശീലകനെ മാറ്റുക എന്ന പ്രവർത്തിയേക്കാൾ കൂടുതൽ ബാഴ്സ ഇപ്പോൾ ചെയ്യേണ്ടതായിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാഴ്സയുടെ സുവർണ്ണകാലഘട്ടത്തിന്റെ അവസാനമായിട്ടാണ് ഇതെന്ന് എനിക്കിപ്പോൾ തോന്നുന്നു. അത് ചൂണ്ടിക്കാണിക്കുന്നത് ബാഴ്സയിൽ വളരെ നിർണായകമായ തീരുമാനങ്ങൾ എടുക്കണം എന്നുള്ളതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാഴ്സ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നത് വളരെ മോശം രീതിയിലാണ് ” വെങ്ങർ അഭിമുഖത്തിൽ പറഞ്ഞു. ഡച്ച് പരിശീലകസ്ഥാനം രാജിവെച്ചാണ് കൂമാൻ ബാഴ്സ സ്ഥാനം ഏറ്റെടുത്തത്. ഇതേ തുടർന്ന് ഡച്ച് കോച്ചായി വെങ്ങർ ചുമതല ഏൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളിൽ അദ്ദേഹം വ്യക്തത് വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *