90-ആം മിനുട്ടിൽ ഗ്രീസ്‌മാൻ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് കരുതിയോ? സെറ്റിയനെതിരെ രൂക്ഷവിമർശനവുമായി റിവാൾഡോ

കഴിഞ്ഞ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയാവേണ്ടി വന്ന ഒരു തീരുമാനമായിരുന്നു സൂപ്പർ താരം ഗ്രീസ്‌മാനെ തൊണ്ണൂറാം മിനിറ്റിൽ പകരക്കാരന്റെ രൂപത്തിൽ ഇറക്കിയത്. ഗ്രീസ്‌മാനെ പോലൊരു താരത്തെ അപമാനിക്കുകയാണ് ആ തീരുമാനത്തിലൂടെ സെറ്റിയൻ ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ സിമയോണിയും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. ഗ്രീസ്‌മാന്റെ കാര്യത്തിൽ വിഷമമുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. കൂടാതെ ഗ്രീസ്‌മാന്റെ പിതാവും സഹോദരനും സെറ്റിയനെതിരെ ആഞ്ഞടിച്ചിരുന്നു. സെറ്റിയൻ കേവലം ഒരു വഴിപോക്കൻ മാത്രമാണ് എന്നായിരുന്നു താരത്തിന്റെ പിതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ” രണ്ട് മിനിറ്റ്… തീർച്ചയായും എനിക്ക് കരയണം ” എന്ന് പറഞ്ഞായിരുന്നു ഗ്രീസ്‌മാന്റെ സഹോദരൻ സെറ്റിയനെതിരെ വിമർശനം ഉയർത്തിയത്.

ഇപ്പോഴിതാ ബാഴ്സ പരിശീലകനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസതാരമായ റിവാൾഡോ. ഗ്രീസ്‌മാനെ തൊണ്ണൂറാം മിനിറ്റിൽ ഇറക്കിയത് കൊണ്ടു സെറ്റിയൻ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും തൊണ്ണൂറാം മിനുട്ടിൽ ഗ്രീസ്‌മാൻ വന്ന് എല്ലാം ശരിയാക്കുമെന്ന് സെറ്റിയൻ വിചാരിച്ചുവോ എന്നുമാണ് റിവാൾഡോയുടെ ചോദ്യം. ഗ്രീസ്‌മാന്‌ എന്ത് പറ്റിയെന്നും താരത്തിന്റെ അവസ്ഥ എന്താണെന്നും തനിക്ക് മനസ്സിലാവുന്നില്ലെന്നും റിവാൾഡോ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ബാഴ്സ എപ്പോഴും മെസ്സിയെ ആശ്രയിക്കുകയാണെന്നും അത് ഇനിയും തുടർന്നാൽ ബാഴ്‌സ എവിടെയും എത്താൻ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” മത്സരത്തിൽ എന്തെങ്കിലും മാറ്റം സെറ്റിയൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് തൊണ്ണൂറാം മിനുട്ട് വരെ കാത്തിരിക്കേണ്ട ആവിശ്യം എന്തിനാണ്? തൊണ്ണൂറാം മിനുട്ടിൽ ഗ്രീസ്‌മാൻ വന്ന് എല്ലാം ശരിയാക്കുമെന്ന് സെറ്റിയൻ വിചാരിച്ചുവോ? സത്യസന്ധ്യമായി പറഞ്ഞാൽ ഗ്രീസ്‌മാന് എന്താണ് പറ്റിയത് എന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അത്ലറ്റികോ മാഡ്രിഡിൽ വർഷങ്ങളോളം തിളങ്ങി നിന്ന, വമ്പൻ തുക കൊടുത്തു ബാഴ്സയിൽ എത്തിച്ച താരം, അത്ലറ്റികോ മാഡ്രിഡിനെതിരായ നിർണായകമായ മത്സരത്തിൽ കേവലം കുറച്ചു മിനുട്ടുകൾ മാത്രം കളിക്കുന്നതാണ് നമ്മൾക്ക് കാണാനാവുന്നത്. തീർച്ചയായും ടീമിന് അദ്ദേഹവുമായി എന്തോ പ്രശ്നം ഉണ്ടെന്നതിനുള്ള തെളിവാണ് ആ സബ്സ്റ്റിട്യൂഷൻ.ഇത്തരമൊരു നിർണായകമത്സരത്തിൽ താരം ഇങ്ങനെ ഇറങ്ങുകയാണെങ്കിൽ, അതിനുള്ള കാരണം അദ്ദേഹത്തിനെ കൊണ്ട് ഒന്നിനും കഴിയുകയില്ല എന്നും അല്ലെങ്കിൽ അദ്ദേഹത്തെ സൈൻ ചെയ്ത തീരുമാനം തന്നെ തെറ്റായിരുന്നുവെന്ന് നിങ്ങൾ കരുതുന്നത് കൊണ്ടാണ് ” റിവാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *