867 മണിക്കൂറുകൾ,41 ഫ്രീകിക്കുകൾ, ഒടുവിൽ മെസ്സിക്ക് ശേഷം ആദ്യമായി ഫ്രീകിക്ക് ഗോളുമായി ബാഴ്സ.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കാണ് റയൽ ബെറ്റിസിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. 5 വ്യത്യസ്ത താരങ്ങളാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ ഉജ്ജ്വല പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്.

ഈ മത്സരത്തിൽ ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത് സൂപ്പർ താരം ഫെറാൻ ടോറസാണ്. മത്സരത്തിന്റെ 62ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് താരം അതിവിദഗ്ധമായി വലയിൽ എത്തിക്കുകയായിരുന്നു. ദീർഘകാലത്തിനുശേഷമാണ് ഒരു ഒഫീഷ്യൽ മത്സരത്തിൽ ബാഴ്സ ഇപ്പോൾ ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ നേടുന്നത്. ഇതിനു മുൻപ് ലയണൽ മെസ്സിയായിരുന്നു ബാഴ്സക്ക് വേണ്ടി അവസാനമായി ഫ്രീകിക്ക് ഗോൾ നേടിയിരുന്നത്.

2021 മെയ് മാസത്തിൽ വലൻസിയക്കെതിരെ ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി ഫ്രീകിക്ക് ഗോൾ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഒരു ഫ്രീകിക്ക് ഗോൾ പിറക്കുന്നത്. ഇത്തവണത്തെ പ്രീ സീസണിൽ റാഫീഞ്ഞ ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നുവെങ്കിലും അത് ഒഫീഷ്യൽ മത്സരമായിരുന്നില്ല. 867 മണിക്കൂറുകൾ കളിക്കളത്തിൽ തുടർന്നതിനുശേഷമാണ് ഒരു ഫ്രീകിക്ക് ഗോൾ നേടാൻ ബാഴ്സക്ക് കഴിയുന്നത്. ഇതിനിടയിൽ 41 തവണ ബാഴ്സ ഫ്രീകിക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്.

ഏതായാലും ഒരു വലിയ ഫ്രീകിക്ക് ഗോൾ വരൾച്ചക്കാണ് ബാഴ്സലോണ വിരാമം കുറിച്ചിരിക്കുന്നത്.അതേസമയം ലയണൽ മെസ്സി ഇക്കാലയളവിൽ നിരവധി തവണ ഫ്രീകിക്ക് ഗോളുകൾ നേടി. അർജന്റീനക്ക് വേണ്ടി മെസ്സി നേടിയ അവസാനത്തെ ഗോൾ പോലും ഫ്രീകിക്കിലൂടെയാണ്. ബാഴ്സയുടെ ഈ മികച്ച വിജയം ആരാധകർക്ക് സന്തോഷം പകരുന്ന ഒന്നാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോയൽ ആൻഡർപ്പാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *