2020-ലെ ബാലൺ ഡി’ഓർ നേടാൻ വേണ്ടി സഹായിക്കണം : സെർജിയോ റാമോസ് സ്പാനിഷ് ഫെഡറേഷനോട് അഭ്യർത്ഥിക്കുന്ന ശബ്ദരേഖ പുറത്ത്!
ഈയിടെയായിരുന്നു പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡൻഷ്യൽ ബാഴ്സ സൂപ്പർതാരമായ ജെറാർഡ് പീക്കെയുടെ ചില ശബ്ദരേഖകൾ പുറത്തുവിട്ടത്.അദ്ദേഹം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കമ്മീഷൻ നേടാനുള്ള ശ്രമങ്ങളായിരുന്നു അതിൽ നിന്നും വ്യക്തമായിരുന്നത്. അത് ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ പിഎസ്ജി താരവുമായ സെർജിയോ റാമോസിന്റെ ചില ശബ്ദരേഖകൾ ഇവർ പുറത്തുവിട്ടിട്ടുണ്ട്. അതായത് 2020-ലെ ബാലൺ ഡി’ഓർ പുരസ്കാരം തനിക്ക് ലഭിക്കാൻ വേണ്ടി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സ്പാനിഷ് ഫെഡറേഷന്റെ പ്രസിഡണ്ടായ ലൂയിസ് റുബിയാലസിന് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അതിൽ റാമോസ് പറയുന്നത് ഇങ്ങനെയാണ്.
” റൂബി,ഗുഡ് ഈവെനിംഗ്. നിങ്ങളും കുടുംബവും സുഖമായിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഞാൻ ഇതുവരെ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ല എന്നുള്ളത് നിങ്ങൾക്കറിയാം. പക്ഷേ ഇന്ന് എനിക്ക് ഒരു കാര്യം ആവശ്യമാണ്.എന്റെ പ്രകടനം കൊണ്ട് ഇതെനിക്ക് ഒരു സ്പെഷ്യൽ വർഷമാണ്. അതുകൊണ്ടുതന്നെ എനിക്ക് ബാലൺ ഡി’ഓർ നേടണം. നിങ്ങളെക്കൊണ്ട് സാധ്യമാവും വിധം യുവേഫയുമായി ബന്ധപ്പെട്ടുകൊണ്ട് അത് ലഭിക്കാൻ എന്നെ സഹായിക്കണം. അതിന് എന്റെ ജീവിതത്തിൽ ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഞാൻ മികച്ചതായതുകൊണ്ട് മാത്രമല്ല ഇത് ആഗ്രഹിക്കുന്നത്. മറിച്ച് സ്പാനിഷ് ഫുട്ബോൾ ബാലൺ ഡി’ഓർ അർഹിക്കുന്നുണ്ട് ” ഇതായിരുന്നു റാമോസ് റുബിയാലസിനോട് പറഞ്ഞത്.
🇪🇸 Le média espagnol El Confidencial fait de nouvelles révélations avec ses fameux audios. Cette fois, on y entend Sergio Ramos demander au président de la fédération espagnole de plaider en sa faveur dans l'obtention du Ballon d'or 2020.https://t.co/8yn85qOOeu
— RMC Sport (@RMCsport) June 29, 2022
ഇതിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്. ” ഹലോ റാമോസ്. ആദ്യം നിങ്ങൾക്ക് ഞാൻ അഭിനന്ദനങ്ങള്‍ നേരുന്നു.നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല വർഷം തന്നെയാണ്.ചാമ്പ്യൻസ് ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പക്ഷെ ബാലൺ ഡി’ഓർ ആര് നേടാനാമെന്നുള്ളത് ഞാൻ അല്ലല്ലോ തീരുമാനിക്കുന്നത്. പക്ഷേ എന്നാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും ഞാൻ നൽകും ” ഇതായിരുന്നു സ്പാനിഷ് ഫെഡറേഷന്റെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
2020-ലെ ബാലൺ ഡി’ഓർ കോവിഡ് കാരണം ഫ്രാൻസ് ഫുട്ബോൾ നൽകിയിരുന്നില്ല. ഏതായാലും റാമോസിന്റെ ശബ്ദ സന്ദേശം വലിയ രൂപത്തിലുള്ള ചർച്ചകൾക്ക് വിധേയമാകുന്നുണ്ട്.