2009 ലെ ബാഴ്സയുമായി ഇപ്പോഴത്തെ സിറ്റിയെ താരതമ്യം ചെയ്യരുത്: കാരണ സഹിതം വിശദീകരിച്ച് അഗ്വേറോ!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പെപ് ഗാർഡിയോളക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്.പ്രീമിയർ ലീഗ് കിരീടം അവർ നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലും FA കപ്പിലും അവർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ആ രണ്ട് കിരീടങ്ങളും നേടിയാൽ ഒരിക്കൽ കൂടി ട്രെബിൾ പൂർത്തിയാക്കാൻ പെപ് ഗാർഡിയോളക്ക് സാധിക്കും. 2008-09 സീസണിൽ എഫ്സി ബാഴ്സലോണക്കൊപ്പം ട്രെബിൾ നേടിയ പരിശീലകനാണ് പെപ് ഗാർഡിയോള.

അന്ന് യുവേഫ ചാമ്പ്യൻസ് ലീഗും ലാലിഗയും കോപ ഡെൽ റേയുമായിരുന്നു ബാഴ്സ സ്വന്തമാക്കിയിരുന്നത്. മെസ്സിയും സാവിയും ഇനിയേസ്റ്റയും അടങ്ങുന്ന ഒരു മികച്ച നിര തന്നെ അന്ന് ബാഴ്സക്ക് ഉണ്ടായിരുന്നു. ഏതായാലും ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റിയെയും അന്നത്തെ എഫ്സി ബാർസിലോണിയെയും പരസ്പരം താരതമ്യം ചെയ്യേണ്ടതില്ല എന്ന് സിറ്റി ഇതിഹാസമായ സെർജിയോ അഗ്വേറോ വ്യക്തമാക്കിയിട്ടുണ്ട്. സമയവും സ്ഥലവുമാണ് ഇതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റിയെയും 2009 ലെ ബാഴ്സയെയും പരസ്പരം താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. എന്തെന്നാൽ രണ്ടും രണ്ട് കാലഘട്ടത്തിലാണ്,മാത്രമല്ല വ്യത്യസ്ത ലീഗിലുമാണ്. തീർച്ചയായും ഈ രണ്ട് ടീമുകൾക്കും ചരിത്രത്തിൽ ഇടമുണ്ടാകും. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച മധ്യനിരയായിരുന്നു അന്ന് ബാഴ്സക്ക് ഉണ്ടായിരുന്നത്.സാവിയും ഇനിയേസ്റ്റയും ബുസ്ക്കെറ്റ്സും ഉണ്ടായിരുന്നു. അവരുടെ കൂടെ ലയണൽ മെസ്സിയും.അങ്ങനെയൊന്ന് ഇനി ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടാവാൻ പോകുന്നില്ല.പക്ഷേ ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള ലീഗിലാണ് തുടർച്ചയായി ഒരുപാട് വർഷം ടോപ്പിൽ നിൽക്കുന്നത്. അച്ചീവ് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ഇതും ” ഇതാണ് സെർജിയോ അഗ്വേറോ പറഞ്ഞിട്ടുള്ളത്.

FA കപ്പ് ഫൈനലിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വരുന്നത്. ഈ രണ്ട് കലാശ പോരാട്ടങ്ങളിലും വിജയിച്ചുകൊണ്ട് സിറ്റി ട്രെബിൾ പൂർത്തിയാക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *