18 മിനുട്ടിനുള്ളിൽ 3 ഗോളുകൾ നേടിയ പെഡ്രി-ലെവന്റോസ്ക്കി കണക്ഷൻ,ഇളകി മറിഞ്ഞ് ക്യാമ്പ് നൗ!

ഇന്നലെ ജോയൻ ഗാമ്പർ ട്രോഫിയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബാഴ്സ ഡാനി ആൽവസിന്റെ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിനെ തകർത്തവിട്ടത്.പെഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലെവന്റോസ്ക്കി,ഡെമ്പലെ,ഓബമയാങ്ങ്,ഡി യോങ് എന്നിവരാണ് ബാക്കിയുള്ള ഗോളുകൾ നേടിയത്.

എന്നാൽ ഈ മത്സരത്തിൽ ക്യാമ്പ് നൗവിലെ ആരാധകരുടെ മനം നിറയാനിടയാക്കിയ ചില കാര്യങ്ങളുണ്ട്. അതായത് സൂപ്പർതാരം ലെവന്റോസ്ക്കിയും യുവസൂപ്പർ താരം പെഡ്രിയും തമ്മിലുള്ള മനോഹരമായ കണക്ഷനാണ് ക്യാമ്പ് നൗവിലെ ആരാധകരെ ഇളക്കി മറിച്ചത്. ഇരുവരും ചേർന്നുകൊണ്ട് മൂന്ന് ഗോളുകളാണ് ഇന്നലെ നേടിയത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ലെവന്റോസ്ക്കിയുടെ ഗോൾ പിറന്നത്.പെഡ്രിയുടെ ത്രൂ ബോൾ സ്വീകരിച്ച ലെവന്റോസ്ക്കി ബുദ്ധിമുട്ടുള്ള ഒരു ആംഗിളിൽ നിന്ന് ഫിനിഷ് ചെയ്യുകയായിരുന്നു.രണ്ട് മിനുട്ടിനകം പെഡ്രിയുടെ ആദ്യ ഗോളും പിറന്നു.എതിർഡിഫന്റർമാരെ ഭേദിച്ചു കൊണ്ടുള്ള ലെവന്റോസ്ക്കിയുടെ പാസ് പെഡ്രി പിഴവൊന്നും കൂടാതെ ഫിനിഷ് ചെയ്യുകയായിരുന്നു.

അവിടം കൊണ്ടും അവസാനിച്ചില്ല.19-ആം മിനുറ്റിൽ വീണ്ടും ലെവന്റോസ്ക്കി-പെഡ്രി കണക്ഷനിൽ ഗോൾ പിറന്നു.ലെവന്റോസ്ക്കിയുടെ ഞൊടിയിടയിലുള്ള ബാക്ക് ഹീൽ പാസ് പിടിച്ചെടുത്ത പെഡ്രി തന്റെ രണ്ടാം നേടുകയായിരുന്നു. ചുരുക്കത്തിൽ ആദ്യ 20 മിനുട്ടിനുള്ളിൽ തന്നെ പെഡ്രിയും ലെവന്റോസ്ക്കിയും ചേർന്ന് കൊണ്ട് മൂന്ന് ഗോളുകൾ നേടുന്ന കാഴ്ചയാണ് ബാഴ്സ ആരാധകർക്ക് കാണാൻ സാധിച്ചത്.

ഏതായാലും ഇരുവരുടെയും ഈ പരസ്പര ധാരണ ഈ സീസണിൽ വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ലീഗിൽ നടക്കുന്ന മത്സരത്തിൽ റയോ വല്ലക്കാനോയാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *