10 പേർ പുറത്ത്,വമ്പൻ മത്സരങ്ങൾക്കുള്ള ബാഴ്സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു!
അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ പ്രീ സീസൺ മത്സരങ്ങൾ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കളിക്കുന്നത്.സൗഹൃദ മത്സരമാണെങ്കിലും കിടിലൻ പോരാട്ടങ്ങളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ ബാഴ്സയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ജൂലൈ 31ആം തീയതി പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
അതിനുശേഷം എൽ ക്ലാസിക്കോ പോരാട്ടമാണ് നടക്കുക.ഓഗസ്റ്റ് നാലാം തീയതിയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക. പിന്നീട് ബാഴ്സലോണയുടെ എതിരാളികൾ Ac മിലാനാണ്.ഈ മൂന്ന് മത്സരങ്ങളും അമേരിക്കയിൽ വെച്ചുകൊണ്ടാണ് ബാഴ്സ കളിക്കുക.ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബാഴ്സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ക്വാഡിൽ നിന്നും 10 താരങ്ങളാണ് പുറത്തായിട്ടുള്ളത്.
31 താരങ്ങൾ ഉള്ള ടീമിനെയാണ് പരിശീലകൻ പ്രഖ്യാപിച്ചിട്ടുള്ളത്.റൊണാൾഡ് അരൗഹോ,പെഡ്രി,ഗാവി,ഫാറ്റി,ഡി യോങ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഒന്നും തന്നെ ഈ ലിസ്റ്റിൽ ഇല്ല.ഈ താരങ്ങൾ എല്ലാവരും പരിക്കിന്റെ പിടിയിലാണ്. അതേസമയം ലാമിൻ യമാൽ,ഫെറാൻ ടോറസ് എന്നിവരും പ്രീ സീസണിൽ പങ്കെടുക്കുന്നില്ല. സ്പെയിനിനൊപ്പം യൂറോ കപ്പ് നേടിയവരാണ് ഈ രണ്ടു താരങ്ങളും. അതുകൊണ്ടുതന്നെ ഇവർക്ക് ക്ലബ്ബ് വെക്കേഷൻ അനുവദിക്കുകയായിരുന്നു. കൂടാതെ കുബാർസി,എറിക് ഗാർഷ്യ,ഫെർമിൻ ലോപസ് എന്നിവരും പ്രീ സീസണിൽ ക്ലബ്ബിനോടൊപ്പം ഇല്ല.
എന്തെന്നാൽ ഈ മൂന്നു താരങ്ങളും സ്പെയിനിന്റെ അണ്ടർ 23 ടീമിനോടൊപ്പം ഒളിമ്പിക്സിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ 10 താരങ്ങൾ ഇല്ലാതെയാണ് ബാഴ്സലോണ ഇപ്പോൾ അമേരിക്കയിലേക്ക് പോകുന്നത്. അതേസമയം ബാക്കിയുള്ള സൂപ്പർ താരങ്ങളെയെല്ലാം ഹാൻസി ഫ്ലിക്കിന് ലഭ്യമാണ്. പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തങ്ങളുടെ ക്ലബ്ബിന് കഴിയുമെന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.കഴിഞ്ഞ സീസണിൽ ചാവിക്ക് മോശം പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.ചാവി തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ ലാപോർട്ട അദ്ദേഹത്തെ പിടിച്ച് പുറത്താക്കുകയായിരുന്നു.