ഹാലന്റ് കൂടി റയലിലെത്തണം, ഭ്രാന്തമായിരിക്കും:റൊണാൾഡോ

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാമിനെ കൊണ്ടുവന്നത്. തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ബെല്ലിങ്ങ്ഹാം പുറത്തെടുക്കുന്നത്. ലാലിഗയിലെ നിലവിലെ ടോപ്പ് സ്കോറർ അദ്ദേഹമാണ്. ഇനി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കിലിയൻ എംബപ്പേ കൂടി റയൽ മാഡ്രിഡിനൊപ്പം ചേരും.വിനിയും ബെല്ലിങ്ങ്ഹാമും എംബപ്പേയും എൻഡ്രിക്കുമൊക്കെ ചേർന്ന റയൽ മാഡ്രിഡ് കൂടുതൽ ശക്തരായിരിക്കും. മാത്രമല്ല ഏർലിംഗ് ഹാലന്റിനെ കൂടി സ്വന്തമാക്കാൻ അവർക്ക് താല്പര്യമുണ്ട്.

ഹാലന്റിനെ കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ റയൽ മാഡ്രിഡ് ഗലാക്റ്റിക്കോ ടീമായി മാറും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ഹാലന്റ് കൂടി റയൽ മാഡ്രിഡിൽ എത്തിയാൽ അത് ക്രേസിയായിരിക്കും എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിന്റെ പോളിസി എന്തെന്നാൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ ക്ലബ്ബിൽ ഉണ്ടായിരിക്കുക എന്നതാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാലന്റ്. എല്ലാവർക്കും ഹാലന്റിനെ വേണം.അദ്ദേഹം ഇപ്പോൾ അവിശ്വസനീയമായ ഒരു ക്ലബ്ബിലാണ് ഉള്ളത്. സിറ്റി മികച്ച രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹാലന്റ് ഹാപ്പിയാണ്. പക്ഷേ ഹാലന്റ് റയൽ മാഡ്രിഡിൽ എത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ താരങ്ങളെല്ലാവരും റയലിൽ എത്തിയാൽ അത് എന്നെ ഗലാക്റ്റിക്കോസ് ടീമിനെ ഓർമിപ്പിക്കും. ഈ താരങ്ങൾ എല്ലാവരും ഒരുമിച്ച് ചേർന്നാൽ അത് ക്രൈസി ആയിരിക്കും, അവിശ്വസനീയമായ ഒരു ടീമായിരിക്കും.ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. പക്ഷേ ഇവരെയെല്ലാം മാനേജ് ചെയ്യുക എന്നത് ആഞ്ച്ലോട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരിക്കും.എന്നിരുന്നാലും മികച്ച താരങ്ങൾ ഉണ്ടാവുക എന്നത് ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യമാണ് ” ഇതാണ് റൊണാൾഡോ നസാരിയോ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡ് ഈ സീസണൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡ് ആണ്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *