ഹാലണ്ട് ബാഴ്സയിലേക്കെത്തുമോ? പുതിയ പ്രതികരണവുമായി സാവി!
ബൊറൂസിയ ഡോർട്മുണ്ടിന്റെ സുപ്പർ താരം എർലിംഗ് ഹാലണ്ട് തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഉടൻ തന്നെ കൈക്കൊള്ളുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.താരം ക്ലബ്ബ് വിടുമെന്നുള്ളത് ഏറെക്കുറെ പല മാധ്യമങ്ങളും ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ താരം എങ്ങോട്ട് ചേക്കേറുമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിലൊന്ന്. സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ വലിയ രൂപത്തിൽ താരത്തിൽ താല്പര്യം പ്രകടിപ്പിക്കുകയും നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബാഴ്സയുടെ പരിശീലകനായ സാവി താരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി എന്നുള്ള റൂമറുകൾ സജീവമായിരുന്നു.ഇത് നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സാവി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഹാലണ്ടിന്റെ കാര്യത്തിൽ സാവി പുതിയ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ബാഴ്സയോട് നോ പറയുന്ന ഒരൊറ്റ താരത്തെ പോലും ഞാൻ കണ്ടിട്ടില്ല എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 10, 2022
” ബാഴ്സയോട് നോ പറയുന്ന ഒരൊറ്റ താരത്തെ പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ ഏതെങ്കിലും ഒരു താരത്തോട് സംസാരിക്കുകയാണെങ്കിൽ, ഇവിടെ എന്താണ് ഉള്ളതെന്നും ഞങ്ങളുടെ കളി രീതികൾ എങ്ങനെയാണ് എന്നുള്ളതും പരിശീലന രീതികൾ എന്തൊക്കെയാണ് എന്നുള്ളതുമൊക്കെ വ്യക്തമാക്കി കൊടുക്കേണ്ടതുണ്ട്. ഈ ക്ലബ്ബ് ബെസ്റ്റ് ക്ലബ്ബാണെന്നും ഈയൊരു നഗരം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം തന്നെ അറിയട്ടെ ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ബൊറൂസിയക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ഹാലണ്ട്.79 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളാണ് താരം ക്ലബ്ബിനുവേണ്ടി നേടിയിട്ടുള്ളത്.75 മില്യൺ റിലീസ് ക്ലോസ്സുള്ള താരത്തിന്റെ കരാർ 2024-ലാണ് അവസാനിക്കുക. പക്ഷേ നിരവധി ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ ബൊറൂസിയ ഹാലണ്ടിൽ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.