ഹാലണ്ടിനെ ലഭിച്ചില്ലെങ്കിൽ ആ രണ്ട് സൂപ്പർതാരങ്ങളിലൊരാളെ ടീമിലേക്കെത്തിക്കാൻ ബാഴ്സ!
ബോറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ എർലിംഗ് ഹാലണ്ടിന് വേണ്ടി സജീവമായി രംഗത്തുള്ള ക്ലബുകളിലൊന്നാണ് എഫ്സി ബാഴ്സലോണ. എന്നാൽ ബാഴ്സയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ എളുപ്പമല്ല. ഒന്നാമതായി സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും ബാഴ്സയെ അലട്ടുന്നുണ്ട്. മറ്റൊരുകാര്യം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.
ഏതായാലും ഹാലണ്ടിനെ ലഭിച്ചില്ലെങ്കിൽ പ്ലാൻ ബി കൂടി ബാഴ്സയുടെ ഭാഗത്തുണ്ട് എന്നുള്ളതാണ്. അതായത് ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ,ബയേണിന്റെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കി എന്നിവരിൽ ഒരാളെ സ്വന്തമാക്കാനാണ് ബാഴ്സ ശ്രമിക്കുക. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈയൊരു ട്രാൻസ്ഫർ റൂമർ പുറത്ത് വിട്ടിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) March 26, 2022
ലെവന്റോസ്ക്കിയുടെ ബയേണുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ താല്പര്യങ്ങളും ഇതുവരെ ബയേൺ കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള റൂമറുകൾ സജീവമാണ്. അതേസമയം സമാന അവസ്ഥ തന്നെയാണ് ലിവർപൂളിന്റെ സൂപ്പർ താരമായ സലാക്കുള്ളത്.2023-ലാണ് അദ്ദേഹത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ ലിവർപൂൾ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സാലറി പ്രശ്നം കാരണം സലാ ഓഫർ നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സലായും ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.
നിലവിൽ മിന്നുന്ന ഫോമിലാണ് ലെവന്റോസ്ക്കിയും സലായും കളിച്ചു കൊണ്ടിരിക്കുന്നത്.ലെവന്റോസ്ക്കിയുടെ പ്രായം ഒരല്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം സലായുടെ സാലറിയും ബാഴ്സക്ക് ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.