ഹാലണ്ടിനെ ബാഴ്‌സക്ക് സൈൻ ചെയ്യാനാവുമോ? ലാലിഗ പ്രസിഡന്റ്‌ പറയുന്നു!

അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ട് ബൊറൂസിയ വിടാൻ സാധ്യത കൂടുതലാണ് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെ അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹം എത്താൻ സാധ്യതയുള്ള നാല് ക്ലബുകളുടെ പേരുകളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ബാഴ്സലോണ, റയൽ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ എന്നിവരായിരുന്നു ആ ക്ലബുകൾ.

ബാഴ്‌സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഈയിടെ മിനോ റയോളയുമായി ചർച്ച നടത്തിയിരുന്നു. ഹാലണ്ടിനെ ബാഴ്‌സയിലേക്കെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യാം എന്നുള്ള നിലപാടിലാണ് നിലവിൽ ലാപോർട്ടയുള്ളത്. എന്നാൽ ഹാലണ്ടിനെ സൈൻ ചെയ്യൽ ബാഴ്‌സക്ക് അസാധ്യമായ കാര്യമാണ് എന്നറിയിച്ചിരിക്കുകയാണിപ്പോൾ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ്‌. മിനോ റയോള വിൽക്കുന്നത് മധുരപലഹാരമല്ലെന്നും ടെബാസ് ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഡയാരിയോ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ബാഴ്‌സക്ക് മുമ്പിൽ ഒരുപാട് നിയമങ്ങളുണ്ട്. ഹാലണ്ടാവട്ടെ റയോളയുടെ കൈവശവുമാണ്.റയോള വിൽക്കുന്നത് മധുരപലഹാരമല്ല. മറിച്ച് ചിലവേറിയ ഒന്നാണ്.ഹാലണ്ടിനെ ബാഴ്‌സക്ക് സൈൻ ചെയ്യാൻ സാധിക്കുമോ എന്ന് നിങ്ങൾ എന്നോടിപ്പോൾ ചോദിച്ചാൽ,അത് അസാധ്യമാണ് എന്ന് ഞാൻ പറയും.കാരണം ബാഴ്‌സയുടെ സാലറി ലെവലാണ് പ്രശ്നം ” ടെബാസ് പറഞ്ഞു.

ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബുകൾ എല്ലാവരും തന്നെ ഹാലണ്ടിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തിയ ശേഷവും ഹാലണ്ട് ഉഗ്രൻ ഫോമിലാണ്.

Leave a Reply

Your email address will not be published. Required fields are marked *