ഹാട്രിക്ക് നഷ്ടപ്പെട്ടു,ഫ്ലിക്കിന്റെ നടപടിയിൽ ലെവക്ക് എതിർപ്പ്!
ഇന്നലെ UCL ൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് സ്വിറ്റ്സർലാൻഡ് ക്ലബായ യങ്ങ് ബോയ്സിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ റോബർട്ട് ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയിട്ടുണ്ട്. റാഫിഞ്ഞയും ഇനീഗോ മാർട്ടിനസും ഓരോ ഗോളുകളും അസിസ്റ്റുകളും വീതം മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് റാഫിഞ്ഞ തന്നെയാണ്.
എട്ടാം മിനിറ്റിലും 51ആം മിനിട്ടിലുമായിരുന്നു ലെവന്റോസ്ക്കി ഗോളുകൾ നേടിയിരുന്നത്. എന്നാൽ ബാഴ്സലോണയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് മത്സരത്തിന്റെ 74ആം മിനിറ്റിൽ ലെവന്റോസ്ക്കിയെ പിൻവലിക്കുകയായിരുന്നു.പകരം വിക്ടറിനെയാണ് അദ്ദേഹം ഇറക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ലെവന്റോസ്ക്കിക്ക് ഫ്ലിക്കിനോട് അതൃപ്തിയുണ്ട് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് ഗോളുകൾ നേടിയതുകൊണ്ട് തന്നെ ഒരു ഗോൾ കൂടി നേടി ഹാട്രിക്ക് പൂർത്തിയാക്കുക എന്നുള്ളതായിരുന്നു ലെവന്റോസ്ക്കിയുടെ ലക്ഷ്യം. എന്നാൽ അത് നേടിയെടുക്കും മുൻപേ പരിശീലകൻ അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു. അക്കാര്യത്തിലാണ് ലെവന്റോസ്ക്കിക്ക് അതൃപ്തിയുള്ളത്.ഈ സീസണിൽ പരമാവധി ഗോളുകൾ അടിച്ചുകൂട്ടുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.കളിച്ച 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കൂടുതൽ ഗോളുകൾ നേടാൻ വേണ്ടി മത്സരത്തിന്റെ മുഴുവൻ സമയവും കളിക്കളത്തിൽ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
എന്നാൽ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ പരിക്കുകൾ ഒന്നും പറ്റാതിരിക്കാൻ വേണ്ടിയാണ് പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചിട്ടുള്ളത്.നിലവിൽ ബാഴ്സലോണ തകർപ്പൻ പ്രകടനം നടത്തുന്നുണ്ട്.ലാലിഗയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ ഉള്ളത്. ഈ സീസണിൽ രണ്ടു തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാൽ പോലും വിജയിച്ച മത്സരങ്ങളിൽ ഒക്കെ തന്നെയും കൂടുതൽ ഗോളുകൾ നേടി ആധിപത്യം പുലർത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.