ഹസാർഡിന് വീണ്ടും പരിക്ക്, റയൽ മാഡ്രിഡിനും സിദാനും തലവേദന !

റയൽ മാഡ്രിഡിൽ എത്തിയത് മുതൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ ഈഡൻ ഹസാർഡിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. കൂടാതെ തുടർച്ചയായ പരിക്കുകളും താരത്തെ വലച്ചു. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് മൂലം ഹസാർഡിന് നഷ്ടമായിരുന്നു. ഈ സീസണിലും പരിക്ക് തന്നെയാണ് താരത്തിന് വില്ലൻ. ഇന്നലെ നടന്ന ഡിപോർട്ടിവോ അലാവസിനെതിരെയുള്ള മത്സരത്തിൽ പരിക്കറ്റ് താരം പുറത്ത് പോയിരുന്നു. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിലാണ് താരം പരിക്കേറ്റ് കളം വിട്ടത്. മസിൽ ഇഞ്ചുറിയാണ് താരത്തിന് പറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇത് നാലാം തവണയാണ് ഹസാർഡ് പരിക്ക് മൂലം പുറത്താവുന്നത്. കഴിഞ്ഞ മാർച്ചിൽ താരത്തിനെ ചികിത്സക്ക്‌ വിധേയമാക്കിയ അതേ സ്പോട്ടിൽ തന്നെയാണ് ഇപ്രാവശ്യവും പരിക്കേറ്റിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണിന്റെ ആരംഭത്തിൽ തന്നെ പരിക്ക് മൂലം താരത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നു. പിന്നീട് തിരിച്ചു വരാനിരിക്കെ പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റിരുന്നു. ഒടുവിൽ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനെതിരെയാണ് താരം അരങ്ങേറിയത്. തുടർന്ന് ഹുയസ്ക്കക്കെതിരെയുള്ള മത്സരത്തിൽ ഒരു തകർപ്പൻ ഗോൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചത് മൂലം വലൻസിയക്കെതിരെ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ഇന്റർമിലാനെതിരെ പെനാൽറ്റിയിൽ നിന്ന് ഗോൾ നേടാൻ ഹസാർഡിന് കഴിഞ്ഞിരുന്നു. എന്നാൽ ഇന്നലെ വീണ്ടും പരിക്കേൽക്കുകയായിരുന്നു. ഇന്നലത്തെ മത്സരത്തിൽ റയൽ മാഡ്രിഡ്‌ തോൽവി അറിയുകയും ചെയ്തു. ഇനി ചാമ്പ്യൻസ് ലീഗിൽ ഷക്തർ ഡോണസ്ക്കിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവുമോ എന്നുള്ളത് നോക്കികാണേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *